തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളധീരന്റെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പൊലീസ്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയടക്കം ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ, യൂത്ത് കോൺഗ്രസ് നേതാവ് തോമസ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീശൻ കുര്യച്ചിറയ്‌ക്കെതിരെയും അനുകൂലികൾക്കെതിരെയും കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും ഫോൺവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
തൃശൂരിൽ കെ. മുരളീധരൻ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് സതീശൻ കുര്യച്ചിറയും പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് സതീശൻ കുര്യച്ചിറയ്‌ക്കും അനുകൂലികൾക്കുമെതിരെ പരാതിയുമായി കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗവും, യൂത്ത് കോൺഗ്രസ് നേതാവും രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് തൃശൂർ ഡിസിസി ഓഫീസിൽ സംഘർഷമുണ്ടായത്. ഓഫീസിൽ പ്രവേശിച്ച സതീശൻ കുര്യച്ചിറയെ, ജോസ് വള്ളൂരും അനുകൂലികളും മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സതീശൻ കുര്യച്ചിറയുടെ അനുകൂലികൾ ഓഫീസിലെത്തുകയും പിന്നീട് വാക്കേറ്റം കയ്യാങ്കളിയിലും കലാശിച്ചു. കെ. മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിന്റെ മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.















