ഭുവനേശ്വർ: പ്രൈവറ്റ് സെക്രട്ടറിയായ വി.കെ പാണ്ഡ്യൻ തന്റെ പിന്തുടർച്ചക്കാരനാകില്ലെന്ന് ബിജെഡി നേതാവ് നവീൻ പട്‌നായിക്. അക്കാര്യം ജനങ്ങളാണ് തീരുമാനിക്കുകയെന്നും പട്‌നായിക് വെളിപ്പെടുത്തി. ഏറെ നാളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് നവീൻ പട്‌നായിക്കിന്റെ മറുപടി.
2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ രണ്ട് ദശാബ്ദക്കാലമായി നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. പട്‌നായിക്കിന്റെ രാഷ്‌ട്രീയ കാര്യത്തിൽ ഉൾപ്പെടെ ഉപദേശിക്കുന്നത് പാണ്ഡ്യനാണ്. 2023 ൽ സർവ്വീസിൽ നിന്ന് വിരമിച്ച പാണ്ഡ്യൻ ഇതിന് പിന്നാലെ ബിജെഡിയിൽ അംഗമാകുകയും ചെയ്തു. ഇതോടെയാണ് പട്‌നായിക്കിന് ശേഷം പാണ്ഡ്യൻ ബിജെഡിയെ നയിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നിറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെഡിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. 24 വർഷത്തെ സംസ്ഥാന ഭരണം അവസാനിപ്പിച്ച് പട്‌നായിക്കിന് പടിയിറങ്ങേണ്ടി വന്നു. ബിജെപിയാണ് സംസ്ഥാനത്ത് മിന്നുന്ന വിജയം നേടിയത്. ഇതിന് പിന്നാലെയാണ് പാണ്ഡ്യന്റെ ഭാവിയെക്കുറിച്ചും പട്‌നായിക് വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പുകളിലും ഇക്കാര്യം സജീവ ചർച്ചയായിരുന്നു.
വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളിലും ക്ഷേത്രപുനർനിർമാണത്തിലും ഉൾപ്പെടെ പാണ്ഡ്യൻ ഞങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം പാർട്ടിയിൽ ചേർന്നെങ്കിലും ഇതുവരെ ഒരു പദവിയും വഹിച്ചിട്ടില്ല. എല്ലായ്‌പോഴും പറയുന്നതുപോലെ മാത്രമേ ഇക്കുറിയും പറയുന്നുളളു. എന്റെ പി്ന്തുടർച്ചക്കാരനെ ജനം തീരുമാനിക്കും പട്‌നായിക് പറഞ്ഞു.
ഒഡീഷയിലെ നാലര കോടി ജനങ്ങളും ഞങ്ങളുടെ കുടുംബമാണെന്നും അവരെ സേവിക്കുന്നത് തുടരുമെന്നുമായിരുന്നു പരാജയത്തിന് ശേഷം നവീൻ പട്‌നായിക്കിന്റെ പ്രതികരണം.















