പുനെ: പൂനെയിൽ 17 കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് ഐടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ 17 കാരന്റെ അച്ഛനും മഹാരാഷ്‌ട്രയിലെ പ്രമുഖ കെട്ടിട നിർമ്മാതാവും ആയ വിശാൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ട് മഹാരാഷ്‌ട്ര സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. മഹാബലേശ്വറിലെ മൽകം പേത്ത് ഏരിയയിലെ എംപിജി ക്ലബ്ബിലെ അനധികൃത നിർമാണമാണ് സതാര ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിച്ചുനീക്കിയത്. ക്ലബ്ബിൽ അനധികൃതമായി നിർമ്മിച്ച 15 മുറികൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.
എംപിജി ക്ലബ്ബിന്റെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ബുൾഡോസർ ചെയ്യാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സതാര കളക്ടർ ജിതേന്ദ്ര ദുഡിയോട് ഉത്തരവിട്ടതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച ക്ലബ്ബ് സീൽ ചെയ്തിരുന്നു.
ഈ ഭൂമി പാർസി ജിംഖാന ക്ലബിന് പാട്ടത്തിന് നൽകിയിരുന്നെങ്കിലും അത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ അഭയ സിങ് ഹവൽദാർ ആരോപിച്ചിരുന്നു. റിസോർട്ട് നിർമ്മിക്കുന്നതിനായി പത്ത് ഏക്കറിലധികം സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന്, അവ പരിശോധിക്കാനും അവ ശരിയാണെന്ന് കണ്ടെത്തിയാൽ വസ്തു ബുൾഡോസർ ചെയ്യാനും മുഖ്യമന്ത്രി ഷിൻഡെ സത്താറ കളക്ടർക്ക് നിർദ്ദേശം നൽകി.
1953ലെ മുംബൈ ഫോറിൻ ലിക്കർ റൂൾസ്, മെട്രോളജി റൂൾസ്, ലിക്കർ ലൈസൻസ് റൂൾസ് എന്നിവയുടെ വിവിധ വ്യവസ്ഥകളുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് ക്ലബ്ബിന്റെ ബാർ നേരത്തെ സീൽ ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് പുറമെ വിദേശമദ്യ ലൈസൻസിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി എക്‌സൈസ് സംഘം കണ്ടെത്തി.
മെയ് 19 ന് ആണ് പുനെയെ നടുക്കിയ അപകടമുണ്ടായത്. പുലര്‍ച്ചെ 2.15-ഓടെ 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവ എന്‍ജിനിയര്‍മാരാണ് കൊല്ലപ്പെട്ടത്.പുനെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ(24) അനീഷ് ആവാഡിയ(24) എന്നിവരാണ് അപകടത്തിൽ മരിച്ചത് . പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17-കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതേസമയം, പോർഷെ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കുടുംബത്തിന്റെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുടെഅച്ഛനും മുത്തച്ഛനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മദ്യപാനം പരിശോധിക്കാൻ ശേഖരിച്ച മകന്റെ രക്ത സാമ്പിൾ മാറ്റി പകരം തന്റെ രക്തം പരിശോധനയ്‌ക്ക് നൽകാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും ജയിലിലാണ്.















