മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995-ൽ പുറത്തിറങ്ങിയ കമലിന്റെ ചിത്രമാണ് ‘മഴയെത്തും മുൻപെ’. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ . ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിൽ മമ്മൂട്ടി ഇടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ കമൽ. ചിത്രത്തിൽ നിന്ന് ശോഭനയെ മാറ്റാനാണ് മമ്മൂട്ടി നിർദ്ദേശിച്ചത് എന്നാണ് കമൽ പറയുന്നത്. സിനിമാ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം .
“മഴയെത്തും മുൻപെ എന്ന ചിത്രത്തിന്റെ കഥ ശ്രീനി മമ്മൂക്കയോട് ഫോണിലാണ് പറഞ്ഞത്. ഇന്നത്തെ പോലെ നേരിട്ട് പോയി കഥ പറയുന്ന രീതിയൊന്നും അന്നില്ല. പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ മമ്മൂക്കയ്‌ക്ക് ഇഷ്‌ടമായി. ഫാമിലിയേയും യൂത്തിനേയും പിടിക്കുന്ന സിനിമയായിരിക്കുമെന്ന് മമ്മൂക്ക പറഞ്ഞു. കോളേജിലേയും ഹോസ്റ്റലിലേയുമൊക്കെ തമാശകൾ ആളുകൾക്ക് ഇഷ്‌ടമാകുമെന്ന് പറഞ്ഞു.
അതുപോലെ ഇമോഷണൽ ട്രാക്ക്. അന്നത്തെ മമ്മൂക്കയുടെ സിനിമകളിലെ ഏറ്റവും വലിയ വിജയം ഇമോഷണൽ ട്രാക്കുകളായിരുന്നു. സ്ക്രിപ്റ്റ് ഓക്കെ ആയപ്പോൾ പിന്നെ കാസ്റ്റിങ് ആയിരുന്നു പ്രശ്നം. ശ്രീനിവാസന്റേയും മമ്മൂക്കയുടേയും വേഷം ആദ്യമേ തീരുമാനിച്ചു. ശോഭനയെയാണ് ആദ്യം തന്നെ നായികയുടെ റോളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ശോഭനയെ മാറ്റാൻ പറ്റുമോ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്.
ഞാനും ശോഭനയും കുറേ പടത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ചില സിനിമകളിലും ശോഭന തന്നെയാണ് നായിക. വേറെ ഏതെങ്കിലും നടിമാരെ ഇടാൻ പറ്റുമോ എന്ന് ചോദിച്ചു. കുറച്ചു നടിമാരുടെ പേരുകളും അദ്ദേഹം നിർദേശിച്ചു. പക്ഷേ ശോഭനയല്ലാതെ മറ്റൊരാളെ പരിഗണിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.
കാരണം ഈ കഥാപാത്രം ഒരു ഡാൻസറാണ്. മാത്രമല്ല നൃത്തം ചെയ്യുന്ന ഒരാൾ അവരുടെ ശരീരം തളർന്നുപോകുന്ന പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ശോഭന ചെയ്യുമ്പോൾ അത് ആളുകൾക്ക് പെട്ടെന്ന് ഐഡൻ്റിഫൈ ചെയ്യാൻ പറ്റും. എന്നാൽ മമ്മൂക്കയ്‌ക്ക് അത് അത്രയും തൃപ്‌തിയുണ്ടായിരുന്നില്ല. പക്ഷേ ഒടുവിൽ ശോഭനയെ തന്നെ തീരുമാനിച്ചു.
പിന്നെ ആനിയുടെ കാര്യം പറഞ്ഞു. ഇയാളുടെ പിറകെ നടക്കുന്ന ഒരു പെൺകുട്ടിയാണ്. ആനി അന്ന് ‘അമ്മയാണെ സത്യം’ എന്ന ബാലചന്ദ്രമേനോന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം വേറെ പടത്തിലൊന്നും അഭിനയിച്ചില്ല. എനിക്ക് ആ സിനിമ കണ്ടപ്പോൾ തന്നെ ആനിയുടെ അഭിനയം ഇഷ്‌ടപ്പെട്ടു.
അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടാൽ ആണാണെന്നല്ലേ തോന്നുക എന്നായിരുന്നു. തമാശയായി പറഞ്ഞതാണ്. അങ്ങനത്തെ ഒരു പെൺകുട്ടിയെ എങ്ങനെ ഈ കഥാപാത്രത്തിലേക്ക് പറ്റുമെന്ന് ചോദിച്ചു.
നമുക്കും ആണത്തമുള്ള ഒരു പെണ്ണിനെയാണ് വേണ്ടതെന്ന് ഞാൻ പറഞ്ഞു. ഇന്ന് അത് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്‌ടാണ്. പക്ഷേ അന്ന് ഞാൻ അങ്ങനെയാണ് പറഞ്ഞത് – കമൽ പറഞ്ഞു.















