പബ്ലിക് പോളിസിയിൽ ലോകത്തെ മികച്ച പഠന പ്രോഗ്രാമായ യുഎസിലെ ബെർക്കലി എംപിപി (മാസ്റ്റർ ഓഫ് പബ്ലിക് പോളിസി) നേടി മലയാളികളുടെ അഭിമാനമായി ഹരിലാൽ കൃഷ്ണ. ഇന്ത്യയിൽ നിന്ന് ആകെ മൂന്ന് പേർക്ക് മാത്രമാണ് എംപിപി പഠനത്തിന് അവസരം ലഭിച്ചത്. ബിജെപി സംസ്ഥാന നിർവാഹകസമിതി അംഗം കെ.കെ.സുരേന്ദ്രന്റെയും വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെയും മകനാണ് ഹരിലാൽ കൃഷ്ണ.
ഐഐടി ഡൽഹിയിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയതിന് പിന്നാലെയാണ് ഹരിലാൽ കൃഷ്ണയുടെ നേട്ടം. കെമിക്കൽ എഞ്ചിനീയറിംഗിൽ എംടെക്കിന് ആറാം റാങ്ക് ഹരിലാൽ നേടിയിരുന്നു. തുടർന്ന് പബ്ലിക് പോളിസിയിൽ തുടർപഠനം നടത്തനാണ് ഹരിലാൽ താത്പര്യം പ്രകടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളിലുള്ള താത്പര്യമാണ് പബ്ലിക് പോളിസി പഠിക്കണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്. ഐഐടിയിലെ പഠനത്തിന് ശേഷമുള്ള പ്ലേസ്മെന്റുകളോട് നോ പറഞ്ഞതിന് പിന്നിലും ഈ മോഹമായിരുന്നു.
തുടർന്ന് ഐഐടി ഡൽഹിയിലെ സ്കൂൾ പബ്ലിക് പോളിസിയിൽ സീനിയർ പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്തു. ഐഐടി പഠന കാലത്ത് സാങ്കേതിക വിഷയങ്ങൾക്ക് പുറമേ ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പബ്ലിക് പോളിസിയാണ് ഹരിലാൽ തെരഞ്ഞെടുത്തിരുന്നത്. ഈ അഭിനിവേശം ഇന്ത്യയിലെ ക്ലീൻടെക് സ്റ്റാർട്ടപ്പുകളുടെ സാധ്യതകളെന്ന വിഷയത്തിൽ ജർമനിയിലെ പ്രമുഖ സർവകലാശാലയായ ആർഡബ്ല്യുടിഎച്ച് ആകെനിലും ഗവേഷണം നടത്തി.
തുടർന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച നയപരമായ പഠനങ്ങൾക്കാണ് ഹരിലാൽ ശ്രദ്ധ നൽകിയത്. എല്ലാവരെ പോലെ മികച്ച സർവകാലശാലയായിരുന്നു ഹരിലാലിന്റെയും സ്വപ്നം. അമേരിക്കൻ സർവകലാശാലകളിൽ അപേക്ഷിക്കാനായി സ്റ്റേറ്റ്മെൻ്റ് ഓഫ് പർപ്പസും റെക്കമെൻഡേഷൻ ലെറ്ററുകളും തയ്യാറാക്കി. ജിആർഇ യോഗ്യതയ്ക്കായി സ്വന്തമായി പഠിച്ചു, കഠിനാധ്വാനവും സ്ഥിരോത്സാഹവും റെക്കോർഡ് മാർക്കിന്റെ രൂപത്തിലെത്തി. 340-ൽ 335 എന്ന സ്കോറാണ് ഹരിലാൽ കരസ്ഥമാക്കിയത്.
പബ്ലിക് പോളിസി രംഗത്ത് ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് യുസി ബെർക്കലി. പബ്ലിക് പോളിസി അനാലിസിസ് എന്ന ഉപവിഭാഗത്തിൽ ഒന്നാം സ്ഥാനത്തുമാണ്.