ബിഹാർ രാഷ്ട്രീയത്തിലെ യുവ മുഖമാണ് ചിരാഗ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രതിനിധീകരിച്ചാണ് അദ്ദേഹം മൂന്നാം മോദി മന്ത്രിസഭയിൽ ഇടംനേടിയത്. ലോക് ജനശക്തി പാർട്ടി സ്ഥാപകമായ രാംവിലാസ് പാസ്വാന്റെ മകനാണ് ഈ നാൽപ്പത്തിയൊന്നുകാരൻ.
എൻഡിഎ സഖ്യത്തിൽ ഹാജിപൂർ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയത്. 2014 ജമൂയി മണ്ഡലത്തിൽ നിന്നാണ് ചിരാഗ് ആദ്യമായി എംപിയായത്. 2019ലും ഈ സീറ്റ് നിലനിര്‍ത്തി.
പിതാവിന്റെ നിഴലിൽ നിന്ന് പുറത്തുകടന്ന് ബിഹാറിലെ രാഷ്‌ട്രീയത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ചിരാഗ്. 2020ൽ പിതാവിന്റെ മരണത്തോടെ അമ്മാവനായ പശുപതി പരാസ് പാർട്ടിയിൽ പിളർത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ലോക് ജനശക്തി പാർട്ടി ( രാം വിലാസ്) രൂപം നൽകിയത്. അന്ന് ആറ് എൽജെപി എംപിമാർ മറ്റേ വിഭാഗത്തിന്റെ കൂടെ നിന്നപ്പോഴും നിശ്ചയദാർഢ്യത്തോടെ അദ്ദേഹം മുന്നോട്ട് പോകുകയായിരുന്നു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാം സീറ്റുകളിലും വിജയിച്ച പാർട്ടിയാണ് എൽജെഡി( രാംവിലാസ്). ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.
രണ്ട് നരേന്ദ്രമോദി സർക്കാരിലും ഭക്ഷ്യ മന്ത്രിയായിരുന്ന ചിരാഗിന്റെ പിതാവായ രാംവിലാസ് പാസ്വാൻ. നരേന്ദ്രമോദിയുമായി അടുത്ത വ്യക്തി ബന്ധം അദ്ദേഹം മരണം വരെ സൂക്ഷിച്ചിരുന്നു . കഴിഞ്ഞ ദിവസം നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ ചിരാഗിനെ ചേർത്ത് പിടിക്കുന്ന മോദിയുടെ ചിത്രം ദേശീയ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. എഞ്ചിനിയറിംഗിൽ ഉപരിപഠനം ആരംഭിച്ച ചിരാഗ് സിനിമ എന്ന ലക്ഷ്യത്തോടെ ഇടയ്‌ക്ക് പഠനം അവസാനിപ്പിച്ചിരുന്നു. അവിവാഹിതനാണ് അദ്ദേഹം.