തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ഡ്രൈവർ യദു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെക്കുറിച്ച് യദു തിരക്കി ചെന്നപ്പോഴായിരുന്നു അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന പൊലീസിന്റെ മറുപടി. മാസം ഒന്ന് കഴിഞ്ഞിട്ടും നാളിതു വരെ അന്വേഷണം പോലും തുടങ്ങാത്തത് ഉന്നത ഇടപെടലിനെ തുടർന്നാണെന്ന് യദു ആരോപിക്കുന്നു.
കേസന്വേഷണത്തിന്റെ വിവരങ്ങൾ തിരക്കിയെത്തിയ തന്നെ പൊലീസ് വീണ്ടും മാനസികമായി തളർത്തുകയായിരുന്നു. മേയർക്കെതിരെ കോടതിയിൽ ഹർജി നൽകിയതിനെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ചോദ്യം ചെയ്തു. തന്റെ പരാതിക്കെതിരെയുള്ള അന്വേഷണം നിർജ്ജീവമാണെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർ പറഞ്ഞു. പരാതി നൽകിയ തനിക്കെതിരെ അന്വേഷണം നടത്തുന്നത് നിയമപരമായി നേരിടുമെന്നും യദു പറഞ്ഞു.
ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ യദുവുമായി തർക്കമുണ്ടാകുന്നത്. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷണർക്ക് യദു പരാതി നൽകിയെങ്കിലും പൊലീസ് നടപടി എടുത്തിരുന്നില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.















