നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് ഹരിയാനയിൽ നിന്ന് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ലോക്സഭ സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. അപ്രതീക്ഷിത വിജയം കൊണ്ടുവരുന്ന കറുത്ത കുതിരയെന്ന് രാഷ്‌ട്രീയ വൃത്തങ്ങൾ വിശേഷിപ്പിക്കുന്ന 70 കാരൻ കർണാൽ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിൽ എത്തിയത്.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനമാണ് ഘട്ടറിന് മന്ത്രിസഭയിലേക്കുള്ള വഴി തുറന്നത്. എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് ഹാജർ സംവിധാനം കോമൺ സർവീസ് സെൻ്ററുകളിലൂടെ ഇ-സേവനങ്ങൾ എന്നിവ മനോഹർ ലാൽ ഖട്ടർ അവതരിപ്പിച്ചു, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെൻ്റ് സുതാര്യമാക്കി. ബേഠി ബച്ചാവോ, ബേഠി പഠാവോ യോജന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കി ലിംഗാനുപാതം മെച്ചപ്പെടുത്തിയത് ഭരണമികവിനുള്ള അടയാളമായി. 2014 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയാണ് അദ്ദേഹം ഹരിയാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു പഞ്ചാബി കുടുംബത്തിൽ പെട്ടയാളാണ് ഖട്ടർ. ഹരിയാനയിലെ ബനിയാനി ഗ്രാമത്തിലാണ് ഘട്ടറിന്റെ ജനനം. കൃഷിയായിരുന്നു കുടുംബത്തിന്റെ ജീവിതമാർഗം. ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ചെറുപ്പത്തിൽ തന്നെ തുണി വ്യാപാര രംഗത്തേക്ക് കടന്നു.
1977ൽ ആർഎസ്എസിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. മൂന്ന് വർഷത്തിന് ശേഷം മുഴുവൻ സമയ പ്രചാരകനായി ഫരീദാബാദിൽ ആദ്യ നിയമനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ഉൾക്കാഴ്ച ലഭിക്കാൻ പ്രചാരകനെന്ന നിലയിൻ സാധിച്ചിട്ടുണ്ടെന്ന് ഖട്ടർ മുൻപ് പറഞ്ഞിരുന്നു.
1994ലാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. തുടർന്ന് 2004 വരെ ഹരിയാന ബിജെപിയുടെ ജനറൽ സെക്രട്ടറി (സംഘടന) ആയി സേവനമനുഷ്ഠിച്ചു. പിന്നിട് പാർട്ടി അദ്ദേഹത്തിന് ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് , ഹരിയാന എന്നിവിടങ്ങളിൽ സോണൽ ഓർഗനൈസിംഗ് സെക്രട്ടറിയായി ചുമതല നൽകി. 2014ൽ ഹരിയാനയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനായിരിക്കെ ബിജെപി മത്സരിച്ച എട്ടിൽ ഏഴു സീറ്റും നേടി ഉജ്ജ്വല വിജയം നേടിയിരുന്നു.