കാണക്കാരി: ജോർജ്ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം ആഘോഷമാക്കുകയാണ് കടുത്തുരുത്തിയോട് ചേർന്ന കാണക്കാരിയിലെ അദ്ദേഹത്തിന്റെ നാട്ടുകാരും ബിജെപി പ്രവർത്തകരും. ഉച്ചയ്‌ക്ക് ശേഷമാണ് മോദി സർക്കാരിൽ തങ്ങളുടെ നാട്ടിൽ നിന്ന് കൂടി ഒരു കേന്ദ്രമന്ത്രി ഉണ്ടെന്ന വിവരം നാട്ടുകാരും പ്രാദേശിക ബിജെപി പ്രവർത്തകരും അറിഞ്ഞത്. വാർത്താചാനലുകളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും വാഹനങ്ങൾ പതിവില്ലാത്ത വിധം കൂട്ടത്തോടെ എത്തിയപ്പോഴാണ് പലരും അറിഞ്ഞത്.
ബിജെപി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വാർത്ത ഉറപ്പിച്ചതോടെ പിന്നെ ആഘോഷത്തിനുളള വട്ടംകൂട്ടലായി. മാദ്ധ്യമപ്രവർത്തകരുടെ എണ്ണം കൂടിയതോടെ ചിലർ പോയി മധുരം കൊണ്ടുവന്ന് ചെറിയ രീതിയിൽ വിതരണം ചെയ്തു. അപ്പോഴും ആ വീട്ടിലെ വീട്ടമ്മ അന്നമ്മ കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന അങ്കലാപ്പായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി വിദേശത്തുളള മക്കളെ വിളിച്ച് പപ്പ കേന്ദ്രമന്ത്രിയാകുന്ന കാര്യം വല്ലതും അറിഞ്ഞോ എന്ന് ചോദിച്ചു. അവരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞതോടെ വരട്ടെ സത്യപ്രതിജ്ഞ വരെ കാത്തിരിക്കാം എന്നായി.
അപ്പോഴേക്കും ജോർജ്ജ് കുര്യന്റെ സഹോദരനും കൂടുതൽ പ്രാദേശിക ബിജെപി പ്രവർത്തകരും വീട്ടിലേക്ക് എത്തി. വീട്ടിൽ നിന്ന് മീറ്റിംഗുകൾക്കും മറ്റും ഇടയ്‌ക്ക് പോകാറുളളതുപോലെ ഡൽഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ജോർജ്ജ് കുര്യൻ ഇറങ്ങിയത്. രാവിലെ അവിടെ എത്തിയ വിവരം വിളിച്ച് വീട്ടിൽ അറിയിക്കുകയും ചെയ്തു. കൂടുതലൊന്നും പറഞ്ഞില്ല. അതുകൊണ്ടു തന്നെ മാദ്ധ്യമപ്രവർത്തകർ വന്ന് ചോദിച്ചപ്പോൾ അന്നമ്മയ്‌ക്കും കൂടുതൽ കാര്യങ്ങൾ അറിവുണ്ടായില്ല.
പിന്നീട് വാർത്ത ഉറപ്പിച്ചതോടെ കൂടുതൽ പ്രവർത്തകരെത്തി. വൈകിട്ട് വീട്ടിൽ വലിയ സ്‌ക്രീനിൽ സത്യപ്രതിജ്ഞ കാണാനുളള സൗകര്യം ഒരുക്കി. പ്രാദേശിക ബിജെപി പ്രവർത്തകരും നാട്ടുകാരും ആഘോഷത്തിൽ പങ്കുചേരാനെത്തി. ഏറ്റവും ഒടുവിലത്തെ പേരുകളിൽ ഒന്നായിട്ടാണ് ജോർജ്ജ് കുര്യന്റെ പേര്് സത്യപ്രതിജ്ഞയ്‌ക്കായി വിളിച്ചത്. അതുവരെ മുദ്രാവാക്യം വിളിച്ചും പ്രതീക്ഷ കൈവിടാതെയും കാത്തിരുന്നവരുടെ സന്തോഷം അതോടെ അണപൊട്ടി. ഭാരത് മാതാ കീ ജയ് വിളികളുമായി അന്തരീക്ഷം ആഘോഷത്തിലായി. നാടിന് വേണ്ടി ഒരു കേന്ദ്രമന്ത്രിയെ മോദി സർക്കാർ സമ്മാനിച്ചത് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും അവർ ലോകത്തെ അറിയിച്ചു.
ജോർജ്ജ് കുര്യൻ ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ വലിയ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് ജോർജ്ജ് കുര്യൻ ബിജെപിയിലെത്തിയത്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.