ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. തനിക്ക് ഹജ്ജിന് പോകാനുള്ള അവസരം ലഭിച്ചെന്നും ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണമെന്നും സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ തന്നേയും ഓര്‍ക്കണമെന്നും ഒരു എളിമയുള്ള മനുഷ്യനായി തിരിച്ചെത്തുമെന്നും സാനിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
“പ്രിയപ്പെട്ട കൂട്ടുകാരും സ്നേഹിതരും അറിയാൻ, ഹജ്ജിന് പോകാനുള്ള അവസരം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഈ പരിവര്‍ത്തന അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍, എന്റെ തെറ്റുകള്‍ നിങ്ങൾ പൊറുക്കണമെന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുകയാണ്.
ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തില്‍ എന്റെ ഹൃദയം കൃതജ്ഞതയാല്‍ നിറഞ്ഞിരിക്കുകയാണ്. എന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും അള്ളാഹുവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഞാൻ ഈ പുണ്യയാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളിലും ചിന്തകളിലും എന്നെ നിലനിർത്തുക. എളിയ ഹൃദയമുള്ളതും കരുത്തുറ്റ വിശ്വാസമുള്ളതുമായ ഒരു മികച്ച മനുഷ്യനായി ഞാൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു”, സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Leave a Comment