ന്യൂഡൽഹി: കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സീറ്റ് നേടിക്കൊടുത്തതിനും ഇരുപത് ശതമാനം വോട്ട് നേടിയതിനും പാർട്ടി നൽകിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. ഡൽഹിയിൽ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് 20 ശതമാനത്തിലേറെ വോട്ടുകൾ കേരളത്തിൽ കിട്ടി. തൃശൂരിൽ 75000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി. അത് സുരേഷ് ഗോപി എന്ന പോരാളിയുടെ പ്രത്യേകതയാണ്. അദ്ദേഹത്തിന് എതിരായ എല്ലാ കാര്യങ്ങളും അതിജീവിച്ച് വിജയിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്ത് 20 ശതമാനം വോട്ട് കിട്ടിയത് പ്രവർത്തകരുടെ കഷ്ടപ്പാട് കൊണ്ടാണ്. വിജയിക്കുമ്പോൾ ഒരു സ്ഥാനം കൊടുക്കുന്നത് ഉത്തരവാദിത്വം കൂട്ടുമെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.
വികസനത്തെക്കുറിച്ചുളള കാര്യങ്ങളാണ് ചായസൽക്കാരത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിന് രണ്ട് കൂട്ടരും കൂടി ശ്രമിക്കണം. കേന്ദ്രസർക്കാർ അതിന് വേണ്ടി ശ്രമിക്കും. അത് ചെയ്യണോ വേണ്ടയോ എന്നത് സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അടൽജി മന്ത്രിസഭയുടെ കാലത്ത് ഒ രാജഗോപാലിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയിൽ ആയിരുന്നു. അവിടെ നിന്നുളള പരിശീലനം ഗുണം ചെയ്യുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഒ രാജഗോപാലിനെപ്പോലുളളവരോടൊപ്പം പ്രവർത്തിച്ചതിനാൽ അതിന്റേതായ കാഴ്ചപ്പാടുണ്ട്, അതിന്റേതായ ഗുണമുണ്ട് വ്യത്യസ്തമായ രാഷ്‌ട്രീയത്തിലും ചിന്തകളിലും ആ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്ന് ജോർജ്ജ് കുര്യൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ നരേന്ദ്രമോദി സർക്കാരിനെ അംഗീകരിച്ചു തുടങ്ങിയെന്നതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപിക്കെതിരായ പ്രചാരണങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിന് കാരണം വികസനമാണ്. രാജ്യം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷരായ ആളുകൾ മോദി സർക്കാരിനെയും പാർട്ടിയെയും പിന്തുണയ്‌ക്കുന്നുണ്ട്.
നേരത്തെ ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയുടെ വോട്ട് ഇടതിലേക്കോ വലതിലേക്കോ പോയെന്നാണ് പറയുന്നത്. പക്ഷെ ഈ തെരഞ്ഞെടുപ്പിൽ അവരിൽ നിന്ന് വോട്ടുകൾ ഇങ്ങോട്ടു വരികയായിരുന്നു. പുതിയ തലമുറ രാഷ്‌ട്രീയത്തിലുപരി രാജ്യത്തിന് നല്ലതാണ് നോക്കുന്നതെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.