തിരുവനന്തപുരം: കെ ഫോൺ പരാജയമെന്ന് സമ്മതിച്ച് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്. സംസ്ഥാനത്തെ 20 ലക്ഷം സാധാരണക്കാർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പകുതി കണക്ഷൻ പോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതി 2021-ൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 5856 സൗജന്യ കണക്ഷനുകളാണ് സർക്കാർ ഇതുവരെ നൽകിയത്. 30,000 സർക്കാർ ഓഫീസുകളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സേവനം ലഭിക്കുമെന്ന് പറഞ്ഞെങ്കിലും നിലവിൽ 21,311 ഇടത്ത് മാത്രമെന്ന് നെറ്റ് കിട്ടുന്നതെന്ന് സർക്കാർ പ്രോഗ്രസ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫൈബർ കണക്ടിവിറ്റിയുടെ ഭാഗമായി 4300 കിലോമീറ്റർ ഇതുവരെ പാട്ടത്തിന് നൽകിയെന്നും 10,000 കിലോമീറ്ററായി വിപുലീകരിച്ച് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞ മാസം കെ ഫോൺ അധികൃതർ പറഞ്ഞിരുന്നു. കെ ഫോൺ പ്രതിസന്ധിയിലാണെന്ന് പറയാതെ പറയുകയാണ് പ്രോഗ്രസ് റിപ്പോർട്ടിൽ സർക്കാർ.















