ന്യൂഡൽഹി: രാജ്യം ഭാരതരത്ന നൽകി ആദരിച്ച കർപ്പൂരി ഠാക്കൂറിന് മകൻ രാംനാഥ് ഠാക്കൂർ മൂന്നാം മോദി സർക്കാരിന്റെ ഭാഗം. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവായ അദ്ദേഹം ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗമാണ്. സഹമന്ത്രി ആയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. നിലവിൽ ജനതാദൾ യുണൈറ്റഡ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് രാംനാഥ് ഠാക്കൂർ.
74 കാരനായ രാംനാഥ് ഠാക്കൂറിന് പൊതുപ്രവർത്തനത്തിന്റെ നീണ്ട ചരിത്രമുണ്ട്. 1970-ൽ പിതാവിന്റെ പാത പിന്തുടർന്നാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ മകൻ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് വരുന്നതിനോട് കർപ്പൂരി ഠാക്കൂറിന് എതിർപ്പായിരുന്നു. കർപ്പൂരിയുടെ വിയോഗത്തിന് ശേഷം1988 ലാണ് രാംനാഥ് ആദ്യമായി സമസ്തീപൂരിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 2005 മുതൽ 2010-വരെ നിതീഷ് കുമാർ സർക്കാരിന്റെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ, ഭൂപരിഷ്കരണം, നിയമം, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പുകളാണ് താക്കൂറിന് നൽകിയത്. അതി പിന്നോക്കം( ഇബിസി) എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തിലാണ് രാംനാഥ് ഠാക്കൂർ ഉൾപ്പെടുന്നത്.
മരണാനന്ത ബഹുമതിയായി നരേന്ദ്രമോദി സർക്കാരാണ് കർപ്പൂരി ഠാക്കൂറിന് പരമോന്നത സിവിലിയൻ ബഹുമതി നൽകിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് ഠാക്കൂര്‍, ‘ജന്‍ നായക്’ (ജനങ്ങളുടെ നായകന്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ബിഹാർ മുൻമുഖ്യമന്ത്രിയായ അദ്ദേഹം സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്.