ന്യൂഡൽഹി: ജമ്മു കശ്മീരിലെ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കർ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രന്റ് (TRF ). ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റിയാസി ഭീകരാക്രമണം “പുതിയ തുടക്കത്തിന്റെ ആരംഭം” മാത്രമാണെന്നും വിനോദസഞ്ചാരികളെയും പുറത്തുനിന്ന് വരുന്നവരെയും ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നും ഭീകര സംഘടന പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.
തീവ്രവാദികളെ കണ്ടെത്തുന്നതിനായി സ്ഥലത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സുരക്ഷ വർദ്ധിപ്പിച്ചു. ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ദേശീയ അന്വേഷണ ഏജൻസിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ശിവ്‌ഖോരി ക്ഷേത്രത്തിൽ നിന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് ബസ് മടങ്ങുമ്പോഴാണ് സംഭവം. സമീപത്തെ വനത്തിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. ഡ്രൈവറിന് വെടിയേറ്റതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.ബസ് ഡ്രൈവറും കണ്ടക്ടറും ആക്രമണത്തിൽ കൊല്ലപ്പെട്ടു.















