ന്യൂഡൽഹി: റിയാസി ഭീകരാക്രമണത്തിൽ മൂന്ന് വിദേശ ഭീകരർ ഉൾപ്പെട്ടിട്ടുള്ളതായി വിവരം. മേഖലയിൽ മൂന്ന് തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാസി വനമേഖലയുടെ ഉയർന്ന പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചിൽ നടക്കുകയാണ്.
1980 കളിൽ വികസിപ്പിച്ച അമേരിക്കൻ ആക്രമണ റൈഫിളുകളായ M4 കാർബൈൻസുകളാണ് ഭീകരർ ഉപയോഗിച്ചിരിക്കുന്നത്. പാകിസ്താനി സെപ്ഷ്യൽ ഫോഴ്‌സിലെ ഒരു വിഭാഗവും സിന്ധ് പൊലീസിലെ പ്രത്യേക സുരക്ഷാ വിഭാഗവും കൈവശം വയ്‌ക്കുന്നതും ഉപയോഗിക്കുന്നതും ഇത്തരം റൈഫിളുകളാണെന്നാണ് വിവരം.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ശിവ്‌ഖോരി ക്ഷേത്രത്തിൽ നിന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് ബസ് മടങ്ങുമ്പോഴാണ് സംഭവം. സമീപത്തെ വനത്തിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു.















