ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ലൈവ് ചർച്ചക്കിടെ പാകിസ്താന്റെ തോൽവി സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി മുൻ താരം ബാസിത് അലി. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. എആർവൈ ന്യൂസ് ചാനലിലെ ചർച്ചക്കിടെയായിരുന്നു മുൻ താരം കരച്ചിലടക്കാൻ പാടുപെട്ടത്.
പാകിസ്താനെ വിമർശിക്കുമ്പോൾ രാജ്യദ്രോഹിയെന്ന പഴി കേൾക്കേണ്ടി വരുമെങ്കിലും താൻ എപ്പോഴും പാകിസ്താനി തന്നെയായിരിക്കുമെന്നും ജയിക്കേണ്ട മത്സരമാണ് പച്ചപ്പട കൈവിട്ടതെന്നും ബാസിത് അലി പറഞ്ഞു. അണ്ടർ 19 ടീമിന്റെ മുൻ സെലക്ടറായിരുന്നു ബാസിത് അലി.
താൻ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോൾ അവരൊക്കെ( ഇപ്പോഴത്തെ താരങ്ങൾ) കുട്ടികളായിരുന്നുവെന്നും ബാസിത് അലി പറഞ്ഞു. പാകിസ്താൻ ടീം രണ്ടാമത്തെ റൗണ്ടിലേക്ക് മുന്നേറുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. ആറു റൺസിനാണ് പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെടുന്നത്. അതി നാടകീയ മത്സരത്തിൽ ഇന്ത്യയുടെ ബൗളിംഗ് പ്രകടനമാണ് ജയം സമ്മാനിച്ചത്.