ലക്നൗ: കശ്മീരിലെ റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആക്രമണത്തിൽ പരിക്കേറ്റ ഗൊരഖ്പൂർ സ്വദേശികളുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം ജനപ്രതിനിധികളും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തിയത്. പരിക്കേറ്റവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
റിയാസിയിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഗൊരഖ്പൂർ സ്വദേശികളായ നാല് പേരും ഉൾപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ. പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ കശ്മീരിലെ ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു.
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ റിയാസി ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ ത്വയ്ബ ഭീകരരാണെന്ന് സംശയിക്കുന്നതായി കശ്മീർ പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്. സംഭവസമയത്ത് രണ്ട് ഭീകരരെ പ്രദേശത്ത് കണ്ടതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
ഭീകരർ അമേരിക്കൻ നിർമിത ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. വനമേഖലയുടെ ഉയർന്ന പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ തിരച്ചിൽ ശക്തമാക്കിയത്.















