തൃശൂർ: മരച്ചീനി കൃഷിയിൽ വീണ്ടും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർഷകർ ആശങ്കയിൽ. മേലൂർ പൂലാനിയിലെ കൊളക്കാട്ടി ശിവരാമൻ കൃഷിയിടത്തിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്താണ് ശിവരാമന്റെ കൃഷി.
രണ്ട് വർഷം മുൻപ് പ്രദേശത്തെ മരച്ചീനി കൃഷിയിലുണ്ടായ ഫംഗസ് ബാധയെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഏക്കറുകണക്കിന് കൃഷിയും അന്ന് നശിച്ചിരുന്നു. അന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ദരും സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനവുമെല്ലാം നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. വീണ്ടും ഫംഗസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കർഷകർ.
തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്ന മേഖലയാണ് പൂലാനി. ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മരച്ചീനി കയറ്റി അയക്കാറുണ്ട്. വിപണിയിൽ വില വർദ്ധിച്ചു വരുന്ന സമയത്താണ് വീണ്ടും ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.















