ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹിരാനഗർ സെക്ടറിലെ സൈദ സുഹാൽ ഗ്രാമത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
രണ്ട് ഭീകരർ ഗ്രാമത്തിൽ എത്തിയതായി ഗ്രാമീണർ അറിയിച്ചതിനെ തുടർന്നാണ് സുരക്ഷ സേന സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. തുടർന്ന് ഇവിടേക്കെത്തിയ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് കബീർ ദാസ് എന്ന ജവാന് ഗുരുതരമായി പരിക്കേറ്റത്. കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തിയിട്ടുണ്ട്. രണ്ടാമനായി തെരച്ചിൽ പുരോഗമിക്കുകയാണ്. ദോഡയിലെ ഛത്തർഗല പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡ്രോണടക്കം ഉയോഗിച്ചാണ് പരിശോധന നടത്തുന്നത്.
ജമ്മുവിൽ രാത്രി ആരംഭിച്ച രണ്ട് ഏറ്റുമുട്ടലുകൾ പുലർച്ചെ വരെ നീണ്ടു. ആദ്യ വെടിവയ്പിൽ അഞ്ച് സൈനികർക്കും ഒരു പൊലീസ് ഓഫീസർക്കും പരിക്കേറ്റതായി ജമ്മു സോൺ അഡീഷണൽ ഡിജിപി ആനന്ദ് ജെയിൻ വ്യക്തമാക്കി.