കുവൈത്ത്സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പക്കുമെന്ന് എൻബിടിസി മാനേജ്മെന്റ്. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമെത്തിക്കാൻ എൻബിടിസി പ്രതിജ്ഞാബദ്ധമാണ്. അപകടത്തിൽ പെട്ടവർക്ക് സഹായം ഉറപ്പാക്കാൻ കമ്പനി അധികൃതർ മുഴുവൻ സമയവും പ്രവർത്തന നിരതരാണെന്നും മാനേജ്മെന്റ് അറിയിച്ചു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചു വരികയാണ്. ഇന്ത്യൻ എംബസിയും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടു വരുന്നതായും കമ്പനി അറിയിച്ചു.
തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയെന്ന് നോർക്ക അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട്, തൃശൂർ സ്വദേശികളാണ് മരിച്ചത്. എംബസിയിൽ നിന്ന് സ്ഥിരീകരണം ലഭിക്കുന്നതോടെ അധികാരികൾ കുടുംബങ്ങളെ മരണവിവരം അറിയിക്കുന്നുണ്ട്.













