കൊൽക്കത്ത: മുഖ്യമന്ത്രി മമതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ സിവി ആനന്ദ ബോസ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ഇരകളായവരെ രാജ്ഭവനിൽ എത്താൻ പോലും മമത സമ്മതിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.
‘ഭരണഘടനയെ ധിക്കരിക്കാനുള്ള അവകാശം മമതാ ബാനർജിക്കില്ല. രാജ്ഭവനിൽ പ്രവേശിക്കാൻ പ്രതിപക്ഷത്തിന് രേഖാമൂലം അനുമതി നൽകിയിട്ടും മമതയുടെ പൊലീസ് അവരെ തടയുകയാണ്. ഞാൻ അനുമതി നൽകിയിട്ടും പൊലീസ് അവരെ തടഞ്ഞുവെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ തടഞ്ഞതെന്ന് എനിക്ക് അറിയണം. ഇതിന് വിശദീകരണം ആവശ്യപ്പെട്ട് മമതയ്‌ക്ക് കത്തയച്ചിട്ടുണ്ട്’- ആനന്ദ ബോസ് പറഞ്ഞു.
ഗവർണറുടെ അനുമതി പ്രകാരം രാജ്ഭവനിലെത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും ആക്രമിക്കപ്പെട്ടവരെയുമാണ് പൊലീസ് തടഞ്ഞത്. പൊലീസിന്റെ ഈ നടപടിക്കെതിരെ അധികാരി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ അനുമതി ലഭിച്ചാൽ സന്ദർശനത്തിന് തടസമില്ലെന്ന് ഹൈക്കോടതി വിധിച്ചു. അനുമതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഗവർണറെ സന്ദർശിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാത്തതെന്നും കോടതി ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങളിൽ തൃണമൂൽ കോൺഗ്രസിന് പങ്കുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ വരുന്ന 19-ന് രാജ്ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരം നടത്തുന്നതിന് അനുമതി തേടി അധികാരി കൊൽക്കത്ത പൊലീസിന് കത്തയച്ചിട്ടുണ്ട്.















