ന്യൂഡൽഹി: യുക്രെയ്ൻ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക ദക്ഷിണേഷ്യൻ രാജ്യമായി ഭാരതം. ജൂൺ 22ന് സ്വിറ്റ്‌സർലൻഡിലെ ലൂസേൺ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം സംഘാടകർ പുറത്തുവിട്ടു.
സമാധാന ഉച്ചകോടിയിൽ 90 രാജ്യങ്ങളും യുഎൻ അടക്കമുള്ള ഒട്ടേറെ അന്താരാഷ്‌ട്രസംഘടനകളും പങ്കെടുക്കുന്നുണ്ട്. എന്നാൽ ചൈന ക്ഷണം നിരസിച്ചു. വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 28 മാസമായിത്തുടരുന്ന യുക്രെയ്ൻ- റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗരേഖ ഉച്ചകോടിയിൽ തയ്യാറാക്കുമെന്ന് സ്വിസ് പ്രസിഡന്റ് വയോള ആംഹേർഡ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുക്രെയ്നിൽ സമാധാനചർച്ചകൾക്കുള്ള തറക്കല്ലിടലാണ് ഉച്ചകോടിയുടെ ലക്ഷ്യം.















