ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷനും ഒരു വർഷത്തേക്ക് റദ്ദാക്കി. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ രമണന്റേതാണ് നടപടി. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും വിശദീകരണത്തിൽ സഞ്ജു അപേക്ഷിച്ചിരുന്നു. ഈ വിശദീകരണവും ആർടിഒ തള്ളി.
” വാഹനത്തിൽ രൂപമാറ്റം വരുത്തുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക, മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള വ്‌ളോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും ഗതാഗത വകുപ്പ് മന്ത്രിയുടേയും നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സജു ടി എസ് യുട്യൂബിൽ പങ്കുവച്ചിരിക്കുന്ന വീഡിയോകൾ പരിശോധിക്കാനായി ഒരു ടീമിനെ നിയോഗിച്ചിരുന്നു. 10 ലധികം വീഡിയോകളിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ലൈസൻസ് റദ്ദാക്കിയത്. നടപടിക്കെതിരെ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് അപ്പീൽ നൽകാവുന്നതാണ്”.- ആർടിഒ പറഞ്ഞു.
അതേസമയം ടാറ്റാ സഫാരി കാറിനുള്ളിൽ ആവേശം മോഡലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര ചെയ്ത സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂൺ 11-നാണ് സാമൂഹിക സേവനം ആരംഭിച്ചത്. രണ്ടാഴ്ചയാണ് ഓർത്തോ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായാണ് സാമൂഹിക സേവനം ചെയ്യേണ്ടത്. നേരത്തെ എടപ്പാളിലുള്ള മോട്ടോർവാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ സഞ്ജുവിനെ പരിശീലനത്തിന് അയച്ചിരുന്നു.