റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ശനിയാഴ്‌ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗൺ തുടങ്ങീ നാലു ജില്ലകളിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് നക്‌സൽ വിരുദ്ധ ഓപ്പറേഷന് നേതൃത്വം വഹിച്ചത്. ഈ നാല് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് , സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ,ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ 53-ാം ബറ്റാലിയൻ എന്നിവ ഉൾപ്പെടുന്ന സേനാംഗങ്ങളാണ് സംയുക്ത ഓപ്പറേഷൻ നടത്തുന്നത്.കഴിഞ്ഞ 12 നാണ് സുരക്ഷാസേനയുടെ ഓപ്പറേഷൻ ആരംഭിച്ചത്.
ഈ വർഷം മാത്രം 131 മാവോയിസ്റ്റുകളെയാണ് സംസ്‌ഥാനത്ത് നക്‌സൽ വിരുദ്ധ ഓപ്പറേഷനിലൂടെ സുരക്ഷാസേന വകവരുത്തിയത്. കഴിഞ്ഞ വർഷത്തേക്കാളും അഞ്ചിരട്ടിയാണ് ഇത്. 22 സാധാരണക്കാർക്കും 10 സുരക്ഷാ ഉദ്യോഗസ്‌ഥർക്കും ഇതേ കാലയളവിൽ ജീവൻ നഷ്‌ടമായി.















