തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധികഷേപിച്ച കേസിൽ ജൂനിയർ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു സത്യഭാമ കീഴടങ്ങിയത്. നെടുമങ്ങാട് എസ്‍സി എസ്ടി പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. അഭിഭാഷകൻ ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിലെത്തിയത്. നേരത്തെ ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അന്നേദിവസം തന്നെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും നിർദേശമുണ്ടായിരുന്നു.
സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയായിരുന്നു ഹൈക്കോടതി നിർദേശം നൽകിയത്.
അധിക്ഷേപ പരമാർശത്തിലും കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചിട്ടില്ലെന്ന് സത്യഭാമയുടെ അഭിഭാഷകൻ പറഞ്ഞു. കറുത്ത കുട്ടി എന്ന് പറഞ്ഞത് എങ്ങനെ ജാതീയമായ അധിക്ഷേപമാകുമെന്നും അഭിഭാഷകൻ ചോദിച്ചു. എന്നാൽ മാദ്ധ്യമങ്ങൾ വഴി പരാമർശം ആവർത്തിച്ചതിനാൽ ചെറിയ കുറ്റമായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരതനാട്യം അധ്യാപകനായ ആർഎൽവി രാമകൃഷ്ണനെ പേരെടുത്ത് പറയാതെ ആയിരുന്നു സത്യഭാമയുടെ അധിക്ഷേപം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. പുരുഷൻമാർ ഭരതനാട്യം കളിച്ചാൽ കൊളളില്ലെന്ന് ഉൾപ്പെടെ ഇവർ പറഞ്ഞിരുന്നു. വ്യാപക വിമർശനമാണ് സത്യഭാമയ്‌ക്കെതിരെ ഉണ്ടായത്.