അംറേലി: ഗുജറാത്തിലെ അംറേലിയിൽ കുഴൽ കിണറിൽ 50 അടി താഴ്‌ച്ചയിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അംറേലിയിലെ സുർഗപര ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 15 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സംയുക്തമായിട്ടാണ് കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയത്. വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്ക് 12.30 നു തുടങ്ങിയ ഓപ്പറേഷൻ ഇന്ന് പുലർച്ചെ വരെ നീണ്ടു നിന്നു. കുട്ടിയെ പുറത്തെടുത്ത ഉടൻ തന്നെ അംറേലി സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിക്കുകയായിരുന്നു.
നാലുമാസങ്ങൾക്കു മുൻപ് രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സമാന സംഭവത്തിൽ 5 വയസുള്ള കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മധ്യപ്രദേശിലെ രേവ ജില്ലയിലെ കുഴൽക്കിണറിൽ ആറുവയസുള്ള കുട്ടി വീണിരുന്നു. 45 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.















