ന്യൂയോർക്ക്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാസയുടെ വോയേജർ 1ൽ നിന്ന് വീണ്ടും സന്ദേശം. കഴിഞ്ഞ വർഷം നവംബറിൽ പ്രവർത്തനം നിലച്ചു പോയെന്ന് കരുതപ്പെട്ട വോയേജർ 1ൽ നിന്ന് ഭൂമിയിലേക്ക് വീണ്ടും സന്ദേശം ലഭിച്ചതായി നാസ അറിയിച്ചു.
പേടകത്തിലെ നാല് ഉപകരണങ്ങളിൽ നിന്നും ഉപയോഗപ്രദമായ ഡാറ്റകളാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ പേടകത്തെ വീണ്ടും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പേടകത്തിന്റെ പ്രവർത്തനം നിലയ്ക്കാതിരിക്കാനുള്ള ശ്രമം നടത്തുമെന്നും നാസ അറിയിച്ചു.
1977 സെപ്റ്റംബർ 5നാണ് വോയേജർ 1 വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ളതും ഇന്റർസ്റ്റെല്ലാർ മീഡിയത്തിലേക്ക് പ്രവേശിച്ച മനുഷ്യ നിർമിത പേടകവുമാണിത്. നിലവിൽ ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലുകൾ അകലെയാണ് വോയേജർ 1. കഴിഞ്ഞ വർഷം നവംബറിലാണ് ഇതിൽ നിന്നുള്ള സന്ദേശങ്ങൾ നിലച്ചത്. വോയേജർ 1ന് ശേഷം അയച്ച വോയേജർ 2 സൗരയൂഥത്തിൽ നിന്ന് പുറത്തെത്തിയിരുന്നു.