നോയിഡ: മുംബൈയിൽ നിന്നും ഐസ്‌ക്രീമിൽ മനുഷ്യന്റെ വിരലിന്റെ ഭാഗം ലഭിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു വാർത്തയും ചർച്ചയാകുന്നു. ഇത്തവണ കണ്ടെത്തിയിരിക്കുന്നത് പഴുതാരയെയാണ്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിനി ദീപ ഓൺലൈൻ ആയി വാങ്ങിയ അമുലിന്റെ വാനില ഐസ്ക്രീം ബോക്സിനുള്ളിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
ദീപ കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിലൂടെ അമുലിന്റെ വാനില ഐസ്ക്രീം ഓർഡർ ചെയ്തത്. തുടർന്ന് ബോക്സ് തുറന്നപ്പോൾ മുകൾ ഭാഗത്ത് തന്നെ ചത്ത പഴുതാരയെ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്നവർ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചു. വീഡിയോ വൈറലായതോടെ ബ്ലിങ്കിറ്റ് ദീപയുടെ പണം തിരികെ നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അമുലും യുവതിയെ സമീപിക്കുകയും വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ദീപയുടെ വീഡിയോ ശ്രദ്ധയിൽപെട്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ബ്ലിങ്കിറ്റിന്റെ നോയിഡയിലെ ഔട്ട്ലറ്റ് സന്ദർശിച്ച ഉദ്യോഗസ്ഥർ ഇവിടെ നിന്നും അമുൽ ഐസ്ക്രീമിന്റെ സാമ്പിളുകളും പരിശോധനയ്‌ക്കായി എടുത്തു.















