ട്രക്ക് മിനിലോറിയിൽ പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്ക്. ഗാസിയബാദിലെ മുറാദനഗറിലെ റെവാദ റെവാരി പൊലീസ് സ്റ്റേഷന് സമീപം ഈസേറ്റൺ പെരിഫറൽ എക്സ്പ്രസ് വേയിലായിരുന്നു അപകടം. ഹരിയാനയിലെ സോനിപത്തിൽ നിന്ന് ഹർദോയിലേക്ക് പോവുകയായിരുന്നു ട്രക്ക്. ഇഷ്ടിക തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ദാരുണാപകടമുണ്ടായത്.
സ്റ്റേഷണറി സാധനങ്ങൾ കൊണ്ടുപോയ മിനി ലോറിയിലാണ് ട്രക്ക് പാഞ്ഞു കയറിയത്. മായദേവി, ഇർഷാദ്,ജുമ്മൻ, ഷാബിന എന്നിവരാണ് മരിച്ചത്. ചിലർ മൂത്രമൊഴിക്കാൻ ഇറങ്ങാനായി വാഹനം നിർത്തിയിട്ടിരുന്നപ്പോഴാണ് ട്രക്ക് പിന്നിൽ നിന്ന് ഇടിച്ചുകയറിയത്. ഇതിൽ 35 പേരുണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.