ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഭീകരവാദത്തെ തുടച്ചു നീക്കാൻ കശ്മീർ താഴ്‌വരയിൽ വിജയകരമായി നടപ്പിലാക്കിയ ഏരിയ ഡോമിനേഷൻ പ്ലാൻ, സീറോ ടെറർ പ്ലാൻ എന്നിവ ജമ്മുവിലും നടപ്പിലാക്കാൻ അദ്ദേഹം സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം നൽകി.
ജമ്മുവിൽ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വരാനിരിക്കുന്ന അമർനാഥ് തീർത്ഥാടനത്തിനായി സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. തീർഥാടനത്തിന്റെ പ്രധാന സ്ഥലങ്ങളിലും വഴികളിലും സുരക്ഷ ഉറപ്പാക്കണം. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്.
എന്തുവിലകൊടുത്തും നുഴഞ്ഞുകയറ്റം തടയണമെന്നും ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നൽകണമെന്നും അമിത്ഷാ പറഞ്ഞു. വൈഷ്ണോദേവി , ശിവ്‌ഖോരി തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് ഏകോപിത ശ്രമങ്ങൾ ഉണ്ടാകണം. ഹൈവേകളിൽ കൂടുതൽ സേനയെ വിന്യസിക്കും. ജൂൺ 29 ന് ആരംഭിച്ച് ഓഗസ്റ്റ് 19 ന് അവസാനിക്കുന്ന അമർനാഥ് യാത്രയ്‌ക്ക് ശക്തമായ സുരക്ഷാ കവചം ഒരുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ. സിംഗ്, ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ആർആർ സ്വെയിൻ, മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.