ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച തോളിൽ നിന്നും തൊടുത്തുവിടുന്ന മിസൈലുകളുടെ (ഷോൾഡർ-ഫയേർഡ് എയർ ഡിഫൻസ് മിസൈൽ- Shoulder-Fired Air Defence Missile) പരീക്ഷണത്തിനൊരുങ്ങി ഡിആർഡിഒ. ലഡാക്ക്, സിക്കിം പോലുള്ള ഉയർന്ന പ്രദേശങ്ങളിലാകും പരീക്ഷണം നടത്തുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണത്തിന് ശേഷം ഇവ ഇന്ത്യൻ സൈന്യത്തിന് കൈമാറും.
ഷോൾഡർ-ഫയേർഡ് മിസൈലുകൾ പ്രധാനമായും പാകിസ്താൻ, ചൈനീസ് അതിർത്തികളിലാകും വിന്യസിക്കുക. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ വ്യോമ ലക്ഷ്യങ്ങളെ നേരിട്ട് കരസേനയുടെയും വ്യോമസേനയുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് ഹ്രസ്വദൂര പ്രതിരോധ മിസൈലുകൾ ഡിആർഡിഒ വികസിപ്പിക്കുന്നത്. പ്രശ്നങ്ങൾ കണ്ടെത്തി, പരിഹരിച്ച് തദ്ദേശീയ നിർമാണം പുരോഗമിക്കുകയാണെന്നും പ്രതിരോധ വിദഗ്ധർ അറിയിച്ചു.
ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് (Very Short Range Air Defence -VSHORAD) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് 6,800 കോടി രൂപയുടെ കരാറിലാണ് ഇന്ത്യൻ സൈന്യം ഒപ്പുവച്ചിരിക്കുന്നത്. സേനയുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.