ന്യൂഡൽഹി: കേരളത്തിന് ബിജെപിയുടെ സമ്മാനമായിരുന്നു മുതിർന്ന നേതാവ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിസ്ഥാനം. പാർലമെന്ററി മോഹങ്ങളില്ലാതെ സംഘടനാ ചുമതലകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച അംഗീകാരമായിരുന്നു മന്ത്രിസ്ഥാനം. സത്യപ്രതിജ്ഞാദിനം വരെ ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കേന്ദ്രമന്ത്രിസഭയിലേക്കുളള കേരളത്തിന്റെ സർപ്രൈസ് എൻട്രിയായിരുന്നു ജോർജ് കുര്യൻ. ഡൽഹിയിലേക്കുളള യാത്രയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായ നിമിഷങ്ങൾ ദ ബിഗ് ഇന്റർവ്യൂവിലൂടെ ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി അദ്ദേഹം പങ്കുവെച്ചു.
കേരളത്തിൽ നിന്ന് സത്യപ്രതിജ്ഞയ്‌ക്ക് വരുന്ന പ്രവർത്തകരെ ഡൽഹിയിൽ സ്വീകരിക്കാനുളള അറേഞ്ച്‌മെന്റിനാണ് സാധാരണയായി ഞാൻ പോകുന്നത്. ഇത്തവണ പാലക്കാട് കൃഷ്ണകുമാറാണ് അതിനായി പോയത്. വ്യാഴാഴ്ച അദ്ദേഹം യാത്ര തിരിച്ചു. അന്ന് രാവിലെ 7 മണിക്ക് ഫോൺ വിളിച്ച് ഞാൻ ഇന്ന് പോകുകയാണ്, താങ്കളും വരണം എന്ന് പറഞ്ഞു. ആദ്യം വിളിച്ചപ്പോൾ നോക്കട്ടെ എന്നൊക്കെയാണ് പറഞ്ഞത്. പക്ഷെ ഞായറാഴ്ച രാവിലെ അവിടെയെത്തി. ഇത്തരം സന്ദർഭങ്ങളിൽ ലിസ്റ്റിലുളള എല്ലാവരെയും വരുന്നില്ലേ എന്ന് സാധാരണ വിളിച്ച് ചോദിക്കും. അക്കൂട്ടത്തിൽ എന്നെയും വിളിച്ചു ചോദിച്ചു.
രാവിലെ എയർപോർട്ടിലെത്തുമ്പോൾ എനിക്ക് ഒരു ഫോൺ വന്നു. ഡൽഹിയിലെ ഒരു നേതാവ് വിളിച്ചിട്ട് ഒരു മുതിർന്ന നേതാവിന്റെ പേര് പറഞ്ഞിട്ട് 9 മണിക്ക് അവിടെയെത്തണം എന്ന് പറഞ്ഞു. അറേഞ്ച്‌മെന്റിന്റെ കാര്യം പറയാനാണെന്നാണ് കരുതിയത്. അവിടെ എത്തിയപ്പോൾ എന്നെക്കുറിച്ചാണ് പറയുന്നതെന്ന് മനസിലായി. അപ്പോൾ സംശയം തോന്നിയിരുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടനാപരമായ എന്തെങ്കിലും കാര്യമായിരിക്കും പറയുന്നതെന്ന് കരുതി. ഞാൻ അടിസ്ഥാന തലത്തിൽ പ്രവർത്തകനായി 40 വർഷമായി പ്രവർത്തിക്കുന്നുവെന്നും അതിന് തക്കതായ സ്ഥാനം കിട്ടുന്നോ എന്നൊന്നും നോക്കുന്നില്ല ഇങ്ങനെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു. അത് ഞങ്ങൾ നോട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം അതിൽ നിന്ന് പ്രവർത്തകർക്ക് ഒരു മെസേജ് കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു.
അവിടെ നിന്ന് വേറൊരാളുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞു. അവിടെയും ഇതുതന്നെ ആയിരുന്നു സംസാരം. ഒടുവിൽ നമസ്‌കാരം പറഞ്ഞ് ഇറങ്ങി. പാർട്ടി ചുമതലയായിരിക്കും എന്നാണ് വിചാരിച്ചത്. അവിടെ നിന്ന് ഇറങ്ങിയപ്പോൾ വേറൊരു നേതാവും ഫോണിൽ വിളിച്ചു. നിങ്ങൾ രണ്ട് അവരെ രണ്ടുപേരെയും കണ്ടില്ലേ എന്നാൽ പിഎം ഓഫീസിലേക്ക് പൊയ്‌ക്കോളൂ പിഎം ആണല്ലോ എല്ലാം തീരുമാനിക്കുന്നത് എന്നായിരുന്നു പറഞ്ഞത്. അവിടെയും സസ്‌പെൻസിൽ നിർത്തി. വളരെ രഹസ്യമായിരിക്കണമെന്നും പറഞ്ഞിരുന്നു.
കേരള ഹൗസിലായിരുന്നു എനിക്ക് അക്കൊമെഡേഷൻ കിട്ടിയത്. അവിടെ എത്തിയപ്പോൾ
പത്രക്കാർ ആരെയെങ്കിലും മന്ത്രിയാക്കാൻ നോക്കി നിൽക്കുവായിരുന്നു. അവർ ക്യാമറയും കൊണ്ടു വന്നു. പക്ഷെ അവര് നോക്കുമ്പോൾ ടാക്‌സിയിലാണ് ഞാൻ വന്നത്. അവിടുത്തെ ടാക്‌സിക്കാർക്ക് ഒരു സ്വഭാവമുണ്ട്. അങ്ങോട്ടു വാ ഇങ്ങോട്ട് വാ എന്നൊക്കെ പറയും. ഞാൻ അത് കേട്ട് വിനയാന്വിതനായി അനുസരിച്ച് അതിൽ കയറി പോകുന്നതും കണ്ടു.എവിടെ പോകുവാണെന്ന് ചോദിച്ചപ്പോൾ പാർട്ടി ഓഫീസിൽ പോകുകയാണെന്ന് ഞാനും പറഞ്ഞു.
പക്ഷെ പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു പരിധിക്ക് അപ്പുറത്ത് മാദ്ധ്യമപ്രവർത്തകരും ക്യാമറകളും ഉണ്ടായിരുന്നു. പലരും ഗേറ്റിൽ ഇറങ്ങി നടന്നുപോകുന്നുണ്ട്. അവരെയെല്ലാം ക്യാമറയിൽ എടുക്കുന്നുമുണ്ട്. ഞാൻ ആ ടാക്‌സിക്കാരനോട് അവിടെ നിർത്താൻ പറഞ്ഞു. പക്ഷെ അയാൾ നിർത്തിയില്ല. പിഎം ഹൗസിലെത്തിയ സന്തോഷത്തോടെ പോകുന്നിടം വരെ പോകാം എന്ന് പറഞ്ഞു മുന്നോട്ടുപോയി.
അയാൾ അങ്ങേ അറ്റം വരെയും എന്നെയും കൊണ്ടു പോയി. അതുകൊണ്ട് അവർക്ക് ക്യാമറയിൽ കിട്ടിയില്ല. മാത്രമല്ല ടാക്‌സിയായതുകൊണ്ട് അവർ ശ്രദ്ധിച്ചുമില്ല. അവിടെ ചെന്നാൽ എൻട്രൻസ് കഴിഞ്ഞാൽ അവിടുത്തെ വാഹനത്തിൽ അവർ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എത്തുമ്പോൾ ഫോൺ വാങ്ങി വെയ്‌ക്കും ടോക്കൺ തരും പിന്നീട് മാത്രമേ തിരിച്ചുവാങ്ങാൻ കഴിയൂ. അകത്ത് എത്തിയപ്പോൾ പ്രധാനമന്ത്രി എല്ലാവരെയും നിർത്തി ഫോട്ടോ എടുത്തു. എന്നിട്ടാണ് പറഞ്ഞത് നിങ്ങൾ എല്ലാവരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരാണ്. ചിലരെ നേരത്തെ അറിയിച്ചു. ചിലരൊക്കെ ഇപ്പോഴാണ് അറിയുന്നത് എന്ന്.
പിന്നെ അവിടുത്തെ കാര്യങ്ങൾ വിശദീകരിച്ചു. എന്താണ് ചെയ്യേണ്ടത് അങ്ങനെ എല്ലാം. പിന്നെ ഭക്ഷണം. അവിടെ നിന്ന് തിരിച്ചുവന്ന് ഭാര്യയെ വിളിച്ചപ്പോഴാണ് പത്രക്കാർ വീട്ടിൽ ചെന്നുവെന്ന കാര്യം താൻ അറിയുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.