ന്യൂഡൽഹി: പ്രതിരോധമേഖലയെ തദ്ദേശീയവൽക്കരിക്കുന്നതിനുള്ള കൂടുതൽ നടപടികൾ സ്വീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ ശ്രമങ്ങളുടെ ഭാഗമായി 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്ക് (എൽസിഎച്ച്) പ്രതിരോധ മന്ത്രാലയം ടെൻഡർ നൽകിയതായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) തിങ്കളാഴ്ച അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്.
156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളിൽ 90 എണ്ണം കരസേനയ്‌ക്കും ശേഷിക്കുന്ന 66 എണ്ണം ഇന്ത്യൻ വ്യോമസേനയ്‌ക്കും (ഐഎഎഫ്) വേണ്ടിയാണെന്നും കമ്പനി അറിയിച്ചു. 5 ,000 മീറ്റർ (16 ,400 അടി) ഉയരത്തിൽ ലാൻഡ് ചെയ്യാനും പറന്നുയരാനും കഴിയുന്ന ലോകത്തിലെ തന്നെ ഒരേയൊരു ആക്രമണ ഹെലികോപ്റ്ററാണ് പ്രചണ്ഡ് എന്നറിയപ്പെടുന്ന എൽസിഎച്ച്. ഇത് സിയാച്ചിൻ ഹിമാനിയുടെയും കിഴക്കൻ ലഡാക്കിന്റെയും ഉയർന്ന പ്രദേശങ്ങളിലെ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ അനുയോജ്യമായവയാണ്.
ആകാശത്ത് നിന്നും ഭൂമിയിലേക്കും ആകാശത്ത് നിന്നും അന്തരീക്ഷത്തിലെ മറ്റ് ലക്ഷ്യങ്ങളിലേക്കുമുള്ള മിസൈലുകൾ അയക്കാനും ശത്രുവിന്റെ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കാനും ഇതിന് കഴിയും. മുൻപ്, ഈ വർഷം ആദ്യം പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് 65,000 കോടിയുടെ ഇന്ത്യൻ നിർമ്മിത 97 എൽസിഎ മാർക്ക് 1എ യുദ്ധവിമാനങ്ങൾ വാങ്ങാൻ ടെൻഡർ നൽകിയിരുന്നു.