ന്യൂഡൽഹി: റായ്‌ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ രാഷ്‌ട്രീയ ഭാവി സുരക്ഷിതമാക്കാൻ പ്രിയങ്കാ ഗാന്ധിയെ ദക്ഷിണേന്ത്യയിലേക്ക് അയക്കുന്നതിലൂടെ ഗാന്ധികുടുംബം മകനും മകളും തമ്മിൽ വിവേചനം കാണിക്കുകയാണെന്നും ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.
“കോൺഗ്രസ് ഒരു പാർട്ടിയല്ല മറിച്ച് കുടുംബം നയിക്കുന്ന കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സോണിയ ഗാന്ധി രാജ്യസഭാ എംപിയാകും, രാഹുൽ റായ്‌ബറേലി സീറ്റ് നിലനിർത്തും, പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നു, അതായത് കുടുംബം മുഴുവൻ പാർലമെൻറിൽ ഉണ്ടാകും,” അദ്ദേഹം പറഞ്ഞു. രാഹുൽ ഒരിക്കലും രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കുന്ന കാര്യം വയനാട്ടിലെ ജനങ്ങളോട് പറഞ്ഞിരുന്നില്ല. എന്നാൽ ഇടത് പാർട്ടികൾ രാഹുൽ കേരളം വിടുമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് തന്നെ സംഭവിച്ചുവെന്നും ഷെഹ്‌സാദ് പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനം കുടുംബത്തിനുള്ളിലെ ലിംഗവിവേചനത്തിനുള്ള തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. റായ്‌ബറേലി സീറ്റ് നിലനിർത്തുന്നതിലൂടെ മകനിലൂടെ കുടുംബ രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകാനാണ് സോണിയ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ റായ്‌ബറേലി സീറ്റ് നിലനിർത്തുമെന്നും വയനാട്ടിൽ പ്രിയങ്കയെ മത്സരിപ്പിക്കുമെന്നുമുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അറിയിച്ചത്. വയനാട്ടിലെ ജനങ്ങളുമായി വൈകാരിക ബന്ധമാണുള്ളതെന്നുപറഞ്ഞിട്ട് വിജയിച്ചശേഷം മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.















