മഹാത്മ അയ്യങ്കാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനിയിൽ തളച്ചിട്ട രാഷ്‌ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോൾ ആരുടെ കൈവശമാണെന്ന് അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം. അപ്പോൾ ആധുനിക കേരളത്തിലെ ജാതി വെറിയന്മാരെ തിരിച്ചറിയാമെന്നും മഹാത്മ അയ്യാങ്കാളിയുടെ സ്മൃതിദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
സന്ദീപ് വാചസ്പതിയുടെ കുറിപ്പ് വായിക്കാം
അവകാശ പോരാട്ടത്തിനായി മഹാത്മാ അയ്യൻകാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനികളിൽ തളച്ചിട്ട രാഷ്‌ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണം. ശ്രീമൂലം പ്രജാസഭയിൽ അയ്യൻകാളി നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്റെ ഫലമായി വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണ് എന്ന് അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം. അപ്പോൾ ആധുനിക കേരളത്തിലെ ജാതി വെറിയന്മാരെ തിരിച്ചറിയാം. പുലയക്കുട്ടികൾക്ക് സ്കൂൾ പ്രവേശം അനുവദിച്ച മഹാരാജാവിനെ പരിഹസിച്ച് ലേഖനം എഴുതിയ ‘സ്വദേശാഭിമാനി’ രാമകൃഷ്ണ പിള്ളയുടെ ഉപമയും കേരളം ചർച്ച ചെയ്യണം. അയ്യങ്കാളിയുടെ പ്രേരണ സ്രോതസ് ആയിരുന്ന സദാനന്ദസ്വാമികളുടെ ഓർമ്മകൾ തിരികെ കൊണ്ടു വരണം. ചർച്ച ചെയ്യണം.
പൂർവ്വികർ അനുഭവിക്കേണ്ടി വന്ന ക്രൂരത ഇപ്പോഴത്തെ തലമുറയെ നിരന്തരം ഓർമ്മിപ്പിച്ച് സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതല്ല രാഷ്‌ട്രീയ പ്രവർത്തനം.
ആ ഓർമ്മകൾ കരുത്താക്കി വീണ്ടും ചൂഷണത്തിന് ഇരയാകാതിരിക്കലാണ് യഥാർത്ഥ ജാഗ്രത. അതാണ് കരുത്ത്.
ചെയ്ത ക്രൂരതയ്‌ക്ക് പ്രായശ്ചിത്തമായി സമാജം അനുവദിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്തവരെ തുറന്ന് കാട്ടലാണ് ആധുനിക അയ്യങ്കാളിമാർക്ക് ഏറ്റെടുക്കാനുള്ള ദൗത്യം. അതാണ് അദ്ദേഹത്തിനുള്ള യഥാർത്ഥ തിലോദകം. ആധുനിക കേരള ശിൽപ്പിമാരിൽ അഗ്രേസരനായ മഹാത്മാ അയ്യൻകാളിക്ക് സ്മൃതിദിനത്തിൽ ഓർമ്മപ്പൂക്കൾ.















