പൂനെ: സവിശേഷമായ രീതിയിൽ പെരുന്നാൾ ആഘോഷിച്ച് പുനെയിലെ ഒരു കൂട്ടം മുസ്ലീം സഹോദരൻമാർ. മരണശേഷം അവയവങ്ങളും ശരീരവും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചുകൊണ്ടായിരുന്നു ബക്രീദ് ആഘോഷം. സാമൂഹിക പരിഷ്കർത്താവായ ഹമീദ് ദൽവായി സ്ഥാപിച്ച മുസ്ലീം സത്യശോധക് മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങളും ദേശീയതയും പ്രോത്സാഹിപ്പിക്കുന്നതിനായി 1970 ലാണ് മുസ്ലീം സത്യശോധക് മണ്ഡലം( എംഎസ്എം) സ്ഥാപിച്ചത്.
കഴിഞ്ഞ 15 വർഷമായി, സംഘടന ബക്രീദ് ദിനത്തിൽ രക്തദാന ക്യാമ്പുകൾ നടത്തുന്നുണ്ട്. മൃഗങ്ങളെ ബലി നൽകുന്നതിന് പകരം രക്തം ദാനമാണ് സംഘടന മുന്നോട്ട് വെക്കുന്ന ആശയം. ഈ വർഷവും പതിവു പോലെ ക്യാമ്പ് ഉണ്ടായിരുന്നു. മുത്തലാഖ് ഇരയുടെ പിതാവായ ബാരാമതിയിലെ നിസാർ സിക്കന്ദർ ബഗ്വയും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.
സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യുന്നതാണ് പെരുന്നാളിന്റെ യഥാർത്ഥ അർത്ഥമെന്ന് എംഎസ്എം പ്രസിഡൻറ് പ്രൊഫ. ഷംശുദ്ദീൻ തംബോലി പറഞ്ഞു. ബക്രീദിൽ മൃഗബലി നടത്തുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുണ്ട്. മനുഷ്യജീവനെ രക്ഷിക്കുന്ന രക്തദാനത്തിലൂടെ യഥാർത്ഥ അർത്ഥത്തിൽ ഉത്സവം ആഘോഷിക്കാൻ മുസ്ലീങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. അവയവങ്ങളും ശരീരങ്ങളും ദാനം ചെയ്യാൻ മുന്നോട്ട് വരുന്ന മുസ്ലീങ്ങളുടെ ശതമാനം വളരം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് പേരുകേട്ടതാണ് എംഎസ്എം. മുത്തലാഖ്, ബഹുഭാര്യത്വം, ഹലാൽ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച ചരിത്രം കൂടി സംഘടനയ്‌ക്കുണ്ട്.