പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോളയുടെ 35 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കോളാ വിരുദ്ധ സമരസമിതി. പ്ലാച്ചിമടയിലെ ഇരകളെ സർക്കാർ വഞ്ചിച്ചുവെന്നും നഷ്ടപരിഹാര വിഷയത്തിൽ തീരുമാനമാകാതെയാണ് ഭൂമി കൈമാറ്റം നടന്നതെന്നും കോളാ വിരുദ്ധ സമിതി തുറന്നടിച്ചു.
സർക്കാരിന്റെ തീരുമാനം വനവാസികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള നീതി നിഷേധമാണെന്നും കോളകമ്പനിയിലെ ജോലിയല്ല നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നതെന്നും സമിതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്ലാച്ചിമടയിലുള്ള കോള കമ്പനിയുടെ 35 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തത്. ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് സർക്കാരിലേക്ക് ഭൂമി നൽകിയത്.















