ന്യൂഡൽഹി : ബക്രീദിന് വിൽക്കാൻ എത്തിച്ച നൂറോളം ആടുകളെ രക്ഷിച്ച് ജൈനമത വിശ്വാസികൾ . 11 ലക്ഷം രൂപ ചെലവഴിച്ചാണ് 127 ഓളം ആടുകളെ ഇവർ വാങ്ങിയത് . ഭാവിയിൽ ഈ ആടുകൾ കശാപ്പുശാലയിൽ എത്തിപ്പെടാതെ സംരക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഇവർ ഏർപ്പെടുത്തിയിട്ടുണ്ട് .ഡൽഹി ധർമ്മപുര ജൈന ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസികളാണ് ആടുകളെ രക്ഷിക്കാനായി തുനിഞ്ഞിറങ്ങിയത് .
മൃഗങ്ങളെ കൊല്ലുന്നത് തടയാൻ സഹകരിക്കണമെന്ന് ധർമ്മപുര ജൈനക്ഷേത്രത്തിലെ യുവജന സംഘടന ജൈന വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു . ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. ഈ മഹത്തായ പ്രവർത്തനത്തിന് രാജ്യത്തുനിന്നും വിദേശത്തുനിന്നും സംഭാവനകൾ ലഭിച്ചു . ജൈന സമുദായത്തിന് പുറമെ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരും ഇതിനായി പണം സംഭാവന ചെയ്തു . ഇത്തരത്തിൽ 11 ലക്ഷം രൂപ ശേഖരിക്കുകയും , ആടുകളെ വാങ്ങുകയുമായിരുന്നു.
കശാപ്പിൽ നിന്ന് ഇവയെ രക്ഷിച്ചതിനൊപ്പം ആടുകൾക്കായി പ്രത്യേക വാസസ്ഥലം ഒരുക്കുകയും ചെയ്തു . ഇവിടെ ആടുകൾക്ക് ഭക്ഷണവും വെള്ളവും തുടർച്ചയായി നൽകുന്നുണ്ട്. എല്ലാ ആടുകളുടെയും വൈദ്യപരിശോധനയും നടത്തി.ഈ ആടുകളെ സഹരൻപൂരിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും അവിടെ വളർത്തുകയും ചെയ്യും.















