മംഗളൂരു :ഉത്തര കന്നഡയിലെ ദേവ്ബാഗിൽ ജെല്ലിഫിഷിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു. നരസിംഹവാഡയിലെ മത്സ്യത്തൊഴിലാളിയായ കൃഷ്ണ കിർലോസ്‌കക്കാണ് ദുരന്തമുണ്ടായത്. ഇദ്ദേഹം കാർവാറിനടുത്തുള്ള ദേവ്ബാഗിൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോയതായിരുന്നു. മീൻപിടുത്തം കഴിഞ്ഞ് വലവൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ കണ്ടെത്തിയത്.
ഇത് കണ്ട സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് നല്കിയതനുസരിച്ച് കൃഷ്ണ ജെല്ലിഫിഷിനെ വലയിൽ നിന്ന് നീക്കി കടലിലേക്ക് എറിഞ്ഞു.
എന്നാൽ ജെല്ലിഫിഷിന്റെ സ്പര്ശനം ഏറ്റ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചർമ്മത്തിലും കണ്ണുകളിലും കടുത്ത നീറ്റൽ അനുഭവപ്പെട്ടു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഇദ്ദേഹത്തെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കൃഷ്ണയെ വെൻ്റിലേറ്ററിൽ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചിലയിനം ജെല്ലിഫിഷുകൾ വിഷം കുത്തിവയ്‌ക്കുമെന്നും ഇതുമൂലം കുത്തേറ്റ് ഏതാനും മിനിറ്റുകൾക്കുള്ളിൽ ആളുകൾക്കും മൃഗങ്ങൾക്കും പക്ഷാഘാതവും ഹൃദയസ്തംഭനവും മരണവും വരെ അനുഭവപ്പെട്ടേക്കാം എന്നും വിദഗ്ധർ പറയുന്നു. യുഎസിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ ഈ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
എന്നാൽ ഇവിടെ കാണപ്പെടുന്ന ജെല്ലിഫിഷ് തികച്ചും നിരുപദ്രവകരമാണ് എന്നും കേപ്ടൗൺ, സിഡ്നി, മെൽബൺ, പെർത്ത്, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ ജലാശയങ്ങളിൽ കാണപ്പെടുന്ന അപൂർവ ബോക്സ് ജെല്ലിഫിഷാണ് ഏറ്റവും മാരകമായത് എന്നും ധാർവാഡിലെ കർണാടക സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗം പ്രൊഫ.ശിവകുമാർ ഹരഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏപ്രിൽ മാസത്തിൽ വിശാഖപട്ടണം തീരത്ത് അപകടകാരികളായ പെലാജിയ നോക്റ്റിലൂക്ക ഉൾപ്പെടെയുള്ള വിഷമുള്ള ജെല്ലിഫിഷുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ജാഗ്രത പാലിക്കണമെന്ന് സമുദ്ര ജീവശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.