ന്യൂഡൽഹി: പിഎം-കിസാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വാരണാസിയിൽ നടന്ന ആദ്യ പരിപാടിയലായിരുന്നു വിതരണം. 9.26 കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ ഈ പദ്ധതിയുടേതാണ്. സ്വയം സഹായ സംഘങ്ങളിൽ (എസ്എച്ച്ജി) നിന്നുള്ള 30,000-ത്തിലധികം സ്ത്രീകൾക്ക് കൃഷി സഖികൾ എന്ന സർട്ടിഫിക്കറ്റും പ്രധാനമന്ത്രി നൽകി. ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ പങ്കെടുത്തു. 732 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , ഒരു ലക്ഷത്തിലധികം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, രാജ്യത്തുടനീളമുള്ള 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2.5 കോടിയിലധികം കര്‍ഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.
സ്വാതന്ത്ര്യം ലഭിച്ച് 62 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു രാഷ്‌ട്രീയ നേതാവ് മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് യോഗി ആദിത്യനാഥ് ചടങ്ങിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ ഇന്ത്യയെ ആണ് കാണുന്നതെന്നും യോഗി വ്യക്തമാക്കി.















