ചെന്നൈ: 21-കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ബീദ മസ്താൻ റാവുവിന്റെ മകൾ അറസ്റ്റിൽ. ചെന്നൈയിലാണ് ദാരുണ സംഭവം. റാവുവിന്റെ മകൾ മാധുരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ചെന്നൈ ബസന്ത് നഗറിലെ നടപ്പാതയ്‌ക്ക് സമീപം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ഊരൂർകുപ്പം സ്വദേശി സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൂര്യയെ അന്വേഷിച്ചെത്തിയ ഭാര്യയാണ് ഇയാൾ നടപ്പാതയിൽ കിടക്കുന്നതായി കണ്ടത്. തുടർന്ന് ഭർത്താവിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ധുവിനെ ഫോണിൽ വിളച്ചറിയിക്കുന്നതിനിടെയാണ് കാർ പാഞ്ഞുകയറി ജീവനെടുത്തത്. സൂര്യ കിടക്കുന്നത് ശ്രദ്ധിക്കാതെ മാധുരിയും സുഹൃത്തുക്കളും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ സൂര്യയുടെ മുകളിലൂടെ കയറ്റുകയായിരുന്നു.
പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് ആംബുലൻസിനെ വിളിച്ചറിയിച്ചത്. തുടർന്ന് സൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ആളുകൾ തടിച്ച് കൂടിയതോടെ കാറിലുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ മാധുരിയുടെ സുഹൃത്തുക്കളിൽ ഒരാൾ നാട്ടുകാരുമായി തർക്കിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ കാറുമെടുത്ത് സംഘം യാത്ര തുടർന്നു.
ആംബുലൻസിന് വിളിച്ച നമ്പർ ഉപയോഗിച്ചാണ് എംപിയുടെ മകളും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാർ പുതുച്ചേരിയിൽ രജിസ്റ്ററേഷനിലുള്ളതാണെന്നും കണ്ടെത്തി. തുടർന്ന്, മാധുരിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.















