ശ്രീനഗർ ; സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ കശ്മീരിൽ നിന്നുള്ള അഞ്ച് വനിതാ തീർഥാടകർ മരിച്ചതായി റിപ്പോർട്ട് .കനത്ത ഉഷ്ണതരംഗം കാരണമാണ് മരണം . അറഫാത്തിലും മുസ്ദലിഫയിലും വച്ചാണ് ഇവർ മരണപ്പെട്ടത്.
തീർത്ഥാടന വേളയിൽ അനുഭവപ്പെട്ട തീവ്രമായ താപനില നിരവധി തീർഥാടകരുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീർ ഹജ്ജ് ഓഫീസർ പറയുന്നു . “താപനില കുതിച്ചുയരുകയാണ്, നിർഭാഗ്യവശാൽ, കശ്മീരിൽ നിന്നുള്ള അഞ്ച് വനിതാ തീർഥാടകർ അറഫാത്തിലും മുസ്ദലിഫയിലും ഹീറ്റ് സ്ട്രോക്കിന് കീഴടങ്ങി, അതിൽ നാല് പേർ ശ്രീനഗറിൽ നിന്നുള്ളവരും ഒരാൾ കുൽഗാം ജില്ലയിൽ നിന്നുള്ളയാളുമാണ്. ” ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ച തീർഥാടകർക്കൊപ്പം അവരുടെ ബന്ധുക്കളും ഉണ്ടായിരുന്നുവെന്നും മൃതദേഹങ്ങൾ മക്കയിൽ സംസ്കരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജമ്മു കശ്മീരിൽ നിന്ന് 7000 തീർഥാടകർ ഹജ്ജ് യാത്ര നടത്തിയതായി അധികൃതർ അറിയിച്ചു.ഇതിൽ ഏകദേശം 6800 തീർത്ഥാടകർ ശ്രീനഗർ എംബാർക്കേഷൻ പോയിൻ്റ് വഴി പുറപ്പെട്ടപ്പോൾ 500 ഓളം തീർത്ഥാടകർ മറ്റ് വിമാനത്താവളങ്ങളിൽ നിന്നാണ് യാത്ര ചെയ്തത്.















