ആലപ്പുഴ: ‘ഞാൻ അങ്ങനെ മിണ്ടാപ്രാണി’ ആയി എന്ന കവിത വീണ്ടും സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് മുൻ ആലപ്പുഴ എംപി എ.എം ആരിഫ്. ” ” ഇന്നേയ്‌ക്ക് ഒൻപത് വർഷങ്ങൾക്ക് മുൻപ് ഞാൻ എഴുതിയ ഒരു കവിതയാണ്. ഒൻപത് വർഷങ്ങൾക്ക് മുൻപ് എഴുതിയ കവിതയ്‌ക്ക്, തോറ്റു തുന്നം പാടിയപ്പോൾ, എന്തോ കാലിക പ്രസക്തിയുണ്ടെന്നൊരു തോന്നൽ വന്നു. അതുകൊണ്ട് അത് വീണ്ടും സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കണം എന്ന് തോന്നി. അതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നുെ”, ആരിഫ് കുറിച്ചു. ഒരു മതത്തിന്റെയും മതവികാരം വ്രണപ്പെടുത്താതിരിക്കാൻ മിണ്ടാതിരുന്ന് മിണ്ടാപ്രാണിയായെന്നാണ് കവിതയുടെ ഉള്ളടക്കം.
ഒരൊറ്റ ഫോൺകോളിൽ ശബരിമലയിലേക്ക് എസ്എഫ്‌ഐക്കാരായ ആയിരക്കണക്കിന് വനിതകളെ കയറ്റുമെന്ന പറഞ്ഞയാളാണ് ആരിഫ്. “ജെസ്‌റ്റൊരു കോൾ പോരെ, ഒരൊറ്റ കോൾ, നാളെ മുതൽ നാൽപത് വയസിന് താഴെ പ്രായമുള്ള മുഴുവൻ എസ്എഫ്‌ഐക്കാരായ വനിതകളും ശബരിമലയിൽ എത്തണം എന്ന് കോടിയേരി ബാലകൃഷ്ണൻ കോളുചെയ്താൽ മതി . ലക്ഷക്കണക്കിന് പേർ വരും. ഏത് പൊലീസും പട്ടാളവും പീരങ്കിയും വന്നാലും അവിടെ എത്തും”. ഇതായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആരിഫിന്റെ നിലപാട്.
അന്ന് ഹൈന്ദവ വിശ്വാസത്തിനെതിരെ നിലപാടെടുത്ത ആരിഫ് പക്ഷെ മലപ്പുറത്ത് തട്ടത്തിന്റെ കാര്യമെത്തിയപ്പോൾ ശരിക്കും മിണ്ടാപ്രാണിയായി. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ. അനിൽകുമാറിന്റെ വാക്കുകൾ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്നാൽ ഇവിടെ മതപരമായ കാര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് കുറെക്കൂടി പഠിക്കാൻ അനിൽകുമാർ ശ്രദ്ധിക്കണമെന്നു പറഞ്ഞ ആരിഫ്, മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു. ആരിഫിന്റെ ഈ ഇരട്ടത്താപ്പ് അന്ന് സിപിഎമ്മിൽ തന്നെ ചർച്ചയായിരുന്നു.
പോസ്റ്റിന് താഴെ ആരിഫിനെ രൂക്ഷമായ വിമർശിച്ച് നിരവധി കമന്റുകളാണ് നിറയുന്നത്. ‘ ഇനി കരഞ്ഞിട്ട് എന്ത് കാര്യം…അധികാരം കയ്യിൽ ഉണ്ടായിരുന്നപ്പോൾ ഫാഷൻ ഷോ കളിച്ചു നടന്ന നേരം കൊണ്ട് താങ്കൾ ജനത്തിന് ഉപകാരമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു… ചെയ്തിരുന്നെങ്കിൽ താങ്കൾക്ക് ഇന്ന് ഈ “തോറ്റ കവിത ” ഇവിടെ പോസ്റ്റ് ചെയ്യണ്ടി വരില്ലായിരുന്നു… ഇനിയുള്ള കാലം ഇങ്ങനെ കരഞ്ഞോണ്ടിരിക്കാം’, ഒരാൾ കുറിച്ചു.















