ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ ജൂൺ 17 വരെയുള്ള നടപ്പു സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രത്യക്ഷനികുതി വരുമാനത്തിൽ 21 ശതമാനം വർദ്ധന. നികുതി വരുമാനം 4.63 ലക്ഷം കോടി രൂപയായി ഉയർന്നതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു . മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 3.82 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.
5,15,986 കോടി രൂപയാണ് ആകെ പിരിഞ്ഞ് കിട്ടിയത്. ഇതിൽ 53,322 കോടി റിഫണ്ടായി തിരികെ നൽകി. ഇത് മുൻ വർഷം ഇതേ കാലയളവിൽ നൽകിയ റീഫണ്ടുകളേക്കാൾ 33.7% കൂടുതലാണ്. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 422,295 കോടി രൂപയായിരുന്നു ആകെ പിരിഞ്ഞു കിട്ടിയത്.
4.63 ലക്ഷം കോടിയിൽ കോർപ്പറേറ്റ് ആദായനികുതി 226,280 കോടി രൂപയും വ്യക്തിഗത ആദായനികുതി 288,993 കോടി രൂപയുമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷ നികുതി വരുമാനം 21.99 ലക്ഷം കോടിയും പരോക്ഷ നികുതി വരുമാനം 16.31 ലക്ഷം കോടി രൂപയുമാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
ആദായ നികുതിയിലുണ്ടായ ഉയർച്ചയാണ് മൊത്തം നികുതി വരുമാനത്തിൽ പ്രതിഫലിച്ചത്. കേന്ദ്രസർക്കാരിന്റെ നികുതി പിരിവിലെ കാര്യക്ഷമതയും കൂടുതൽ പൗരൻമാർ ആദായ നികുതി സമയബന്ധിതമായി അടക്കാൻ തയ്യാറായതും നേട്ടത്തിന് കാരണമായി.















