തിരുവനന്തപുരം: ദുരൂഹമായ സാഹചര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലശ്ശേരി, എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
എത്ര ക്രൂരമായിട്ടാണ് ഒരു നിരപരാധി കൊല ചെയ്യപ്പെട്ടതെന്ന് വിഡി സതീശൻ ചോദിച്ചു. മുഖം പോലും ഉണ്ടായില്ല. അത്രയ്ക്ക് വികൃതമായി. രണ്ട് പാർട്ടി ഗ്രാമങ്ങളിലെ പാർട്ടിയുടെ തന്നെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുളള സംഘർഷത്തിന്റെ ഭാഗമായിട്ടാണ് അവിടെ ബോംബ് കൊണ്ടിട്ടതെന്ന് വിഡി സതീശൻ പറഞ്ഞു. അവിടുത്തെ ഉത്സവത്തിന് വന്ന ഒരു സംഘം പാർട്ടിക്കാർ കർഷകസംഘത്തിന്റെ ഓഫീസിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവർ വീണ്ടും വരുമ്പോൾ എറിയാൻ ഉണ്ടാക്കിയ ബോംബാണ് ഒരാളുടെ ജീവൻ അപഹരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മിന്റെ ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കാം. കുടിൽ വ്യവസായം പോലെയാണ് പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമാണം. എത്ര കുട്ടികൾ മരിച്ചു. എത്ര പാവങ്ങൾ ഇരയായി. നിങ്ങൾ ആർക്ക് എതിരെയാണ് ബോംബ് ഉണ്ടാക്കുന്നത്. പറമ്പിൽ സ്റ്റീൽ ബോംബ് ഉണ്ട് സൂക്ഷിക്കുക എന്ന് എഴുതി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പറമ്പിലൊക്കെ കളിച്ചുകൊണ്ടു നടക്കുന്ന കുട്ടികളൊക്കെ മരിക്കുകയാണ്. ഇതൊന്ന് അവസാനിപ്പിക്കൂ, നിങ്ങൾ ആയുധം താഴെവയ്ക്കൂ, ആശയപരമായ പോരാട്ടത്തിലേക്ക് വരൂവെന്നും പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.
ഒരു പരിഷ്കൃത സമൂഹത്തിന് മുഴുവൻ അപമാനകരമായ കാര്യങ്ങളാണ് കേരളത്തിലെ സിപിഎം ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ 32 പേർ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടു. ഇത് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വെച്ച റിപ്പോർട്ടാണ്. 82 പേർ പരിക്കുപറ്റി കിടക്കുകയാണ്. എന്നിട്ടും ഇപ്പോഴും ഇത്തരം കേസുകളിൽ നടപടിയെടുക്കുമെന്നാണ് പറയുന്നത്.
മൂന്ന് റിമാൻഡ് റിപ്പോർട്ട് കൊടുത്തു. ആദ്യത്തെ മൂന്ന് റിമാൻഡ് റിപ്പോർട്ടിലും രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനാണ് ബോംബ് നിർമിച്ചതെന്ന് പറഞ്ഞു. നാലാമത്തെ റിപ്പോർട്ട് കൊടുത്തപ്പോഴേക്കും അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കമായി മാറി. രക്തസാക്ഷി മണ്ഡപമുണ്ടാക്കി പൊതുജന മദ്ധ്യത്തിൽ ആരാധിക്കുകയാണ്. ബോംബ് നിർമാണം നടത്തുന്നവർ ഒരു സുപ്രഭാതത്തിൽ എങ്ങനെയാണ് പാർട്ടിയുടെ രക്തസാക്ഷികളായി മാറുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. തീവ്രവാദികളുടെ ഇടയിൽ പോലും നടക്കാത്ത സംഭവമല്ലേ ഇതൊക്കെ എന്നിട്ടും ഇപ്പോഴും പ്രോത്സാഹിപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ തന്നെയാണ് കണ്ണൂർ ജില്ലയിൽ ബോംബുണ്ടാക്കുന്നത്. ഒരുപാട് സംഭവങ്ങളിൽ പൊലീസ് ബോംബ് കണ്ടെത്തിയിട്ടുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ഈ സംഭവങ്ങളിൽ യത്ഥാർത്ഥ പ്രതികളെ പിടിച്ചിട്ടുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഒടുവിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.