കൊയമ്പത്തൂർ: രേണുക സ്വാമിയെന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ നടൻ ദർശൻ തൂഗുദീപയെ അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ദർശന്റെ ഫാം മാനേജരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്റെ മുൻ മാനേജറെ 8 വർഷമായി കാണാനില്ലെന്ന് വിവരം പുറത്തുവന്നത്.
കർണാടകയിലെ ഗഡഗ് സ്വദേശിയായ മല്ലികാർജുനയെ 2016 ലാണ് കാണാതായത്. മാനേജർ ജോലിക്കൊപ്പം ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയും ഇയാൾ നടത്തിയിരുന്നു. കരാറുകൾ കൃത്യമായി പാലിക്കാതായതോടെ സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും കടക്കെണിയിലാവുകയും ചെയ്തു. നടൻ അർജുൻ സർജ ഇയാൾക്ക് ഒരു കോടി രൂപ കടം നൽകിയതായി സൂചനയുണ്ട്. ‘പ്രേമ ബരാഹ’ എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടായിരുന്നു കൈമാറ്റം. ദർശനിൽ നിന്ന് രണ്ട് കോടി രൂപ ഇയാൾ കൈക്കലാക്കിയതായും റിപ്പോർട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. ഈ വിഷയത്തിൽ ദർശന്റെ കുടുംബവും മൗനം പാലിക്കുകയാണ്,
ദർശന്റെ കടുത്ത ആരാധകയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയത് നടന്റെ തന്നെ നിർദ്ദേശപ്രകാരമാണ്. ഫാർമസിയിൽ ജോലി ചെയ്തിരുന്ന രേണുക സ്വാമി ദർശന്റെ കാമുകിയായ പവിത്ര ഗൗഡയെ സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ശല്യപ്പെടുത്തുകയായിരുന്നു. ഇതായിരുന്നു ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.















