അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇറ്റലിയിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ആഡംബര ക്രൂയിസ് കപ്പലിലാണ് ആഘോഷങ്ങൾ നടന്നത്. മെയ് 29-ന് ഇറ്റലിയിൽ നിന്ന് തുടങ്ങി ജൂൺ ഒന്നിന് ഫ്രാൻസിലാണ് ആഘോഷ പരിപാടികൾ അവസാനിച്ചത്.
ആഘോഷത്തിൽ പങ്കെടുത്ത ബോളിവുഡ് താരം റിയാ കപൂർ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അനന്തിന്റെയും രാധികയുടെയും ചിത്രങ്ങളാണ് പുറത്തുവന്നത്.
ആഘോഷ പരിപാടിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധന ഉള്ളതിനാൽ ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് ആഘോഷത്തിൽ പങ്കെടുത്തത്. സിൽവർ നിറത്തിലുള്ള ഗൗണണിഞ്ഞ് അതീവ സുന്ദരിയായാണ് രാധിക വേദിയിലെത്തിയത്. കറുത്ത നിറത്തിലുള്ള മോഡേൺ വേഷമാണ് അനന്ത് ധരിച്ചിരിക്കുന്നത്.
അനന്ത് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗണണിഞ്ഞ് നിൽക്കുന്ന രാധികയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. എഴ് വർഷങ്ങൾക്ക് മുമ്പ് അനന്ത് നൽകിയ പ്രണയലേഖനമാണ് ഇതെന്ന് രാധിക വേദിയിൽ പറഞ്ഞിരുന്നു. ഈ പ്രണയലേഖനം തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും കാണിച്ച് ഇതാണ് ഞങ്ങളുടെ സ്നേഹമെന്ന് പറയണമെന്നും രാധിക പറഞ്ഞു.
ജൂലൈ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വിശിഷ്ട അതിഥികളായി രാഷ്‌ട്രീയ, ബിസിനസ്, സിനിമാ മേഖലകളിലുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം. ഈ മാസം 29-നാണ് ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്.