ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കസ്റ്റഡി കാലാവധി ജൂലൈ മൂന്ന് വരെ നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് കസ്റ്റഡി കാലാവധി തീരാനിരിക്കയാണ് വീണ്ടും കോടതിയുടെ നടപടി.
മദ്യനയ കുംഭകോണ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ ബോധിപ്പിച്ചിരുന്നു. 100 കോടി രൂപ അഴിമതി നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കേസിൽ അറസ്റ്റിലായ വിനോദ് ചൗഹാനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഗോവയിലെ തെരഞ്ഞെടുപ്പിനായി ബിആർഎസ് നേതാവ് കെ കവിതയുടെ കയ്യിൽ നിന്ന് വിനോദ് ചൗഹാൻ കൈപ്പറ്റിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുന്നതിനായി വിനോദ് ചൗഹാന്റെ കസ്റ്റഡി കാലാവധിയും നീട്ടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരെയും കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ കോടതി ഇരുവരുടെയും കസ്റ്റഡി കാലാവധി ജൂലൈ മൂന്നിലേക്ക് നീട്ടുകയായിരുന്നു. അന്നേ ദിവസം കേസ് വീണ്ടും പരിഗണിക്കും. ഇഡിയുടെ ആവശ്യം പരിഗണിച്ച് വിനോദ് ചൗഹാന്റെ കസ്റ്റഡിയിലും ജൂലൈ 3 വരെ നീട്ടിയിട്ടുണ്ട്.