മുംബൈ: തെലുങ്ക് നടൻ രാം ചരണിന്റെ അനുജത്തിയും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഇളയ മകളുമായ ശ്രീജ കൊനിഡേലയുടെ മുൻ ഭർത്താവ് സിരീഷ് ഭരദ്വാജ് (39) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സിരീഷ് ഭരദ്വാജിനും ശ്രീജയ്‌ക്കും ഒരു മകളുമുണ്ട്. നടി ശ്രീ റെഡ്ഡിയാണ് സിരീഷിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നാല് വർഷത്തെ പ്രണയത്തിന് ശേഷം 2007ലാണ് ഇരുവരും വിവാഹിതരായത്. സിഎ ബിരുദധാരിയായ ശ്രീജ വീട്ടുകാരെ ധിക്കരിച്ചാണ് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന സിരീഷിനെ വിവാഹം ചെയ്തത്. ശ്രീജയ്‌ക്ക് 19 വയസും സിരീഷിന് 22 വയസുമായിരുന്നു അപ്പോൾ പ്രായം. അന്ന് ശ്രീജ ചിരഞ്ജിവിയുടെ വീട് വിട്ടിറങ്ങിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഹൈദരാബാദിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഈ ബന്ധം പക്ഷെ അധികനാൾ നീണ്ടില്ല. തുടർന്ന് 2014 ലാണ് ഇവർ ഔദ്യോഗികമായി വേർപിരിഞ്ഞത്.
ശേഷം 2016-ൽ ബെംഗളൂരുവിലെ വ്യവസായിയായ കല്യാൺ ദേവിനെ ശ്രീജ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട് ഉണ്ട്.















