തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സുഹൃത്ത് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. സുഹൃത്ത് ബിനോയിയുടെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഇൻഫ്ലുവൻസർ കൂടിയായ യുവാവും പെൺകുട്ടിയും മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. പെൺകുട്ടിയെ പല തവണ ഇയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശമാണ് കേസിൽ നിർണായകമായത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെൺകുട്ടിക്ക് ആ സമയത്ത് പ്രായപൂർത്തിയായില്ല. അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ വേർപിരിയുന്നത്.
മരിച്ച പെൺകുട്ടിയുടെ അമ്മയുടെ മൊഴിയിൽ നെടുമങ്ങാട് സ്വദേശി ബിനോയിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരമാണ് അറസ്റ്റ്. യുവാവ് സ്ഥിരമായി വീട്ടിൽ വരാറുണ്ടെന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും അച്ഛൻ പറഞ്ഞു.
തൃക്കണ്ണാപുരം സ്വദേശിയാണ് മരണപ്പെട്ട പെൺകുട്ടി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.